വീണ്ടും മിഡ്റേഞ്ച് സെഗ്മന്റിൽ ഫ്ലാഗ്ഷിപ്പ് കില്ലർ ഫീച്ചറുകളുമായി വിപണി പിടിക്കാനൊരുങ്ങി ഐക്യൂ. ഐക്യൂ Z10 ടർബോ, Z10 ടർബോ പ്രോ എന്നീ സ്മാർട്ട്ഫോണുകൾ തിങ്കളാഴ്ച ചൈനയിൽ കമ്പനി ലോഞ്ച് ചെയ്തു. ഗെയിമിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഫോണുകളിൽ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഒരു പ്രത്യേക Q1 ഗെയിമിംഗ് ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യൂവിന്റെ നിയോ 9 പ്രോയിലും പെർഫോമൻസ് വർധിപ്പിക്കാൻ ഇതേ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
കരുത്തേറിയ സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി മീഡിയ ടെക് ചിപ്പ്സെറ്റുകളാണ് സെഡ് സീരീസുകളിൽ ഉപയോഗിക്കാറുള്ളത്. 144Hz റിഫ്രഷ് റേറ്റുള്ള
1.5K (1,260×2,800 പിക്സൽ) റെസല്യൂഷനുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 16GB വരെയുള്ള LPDDR5X റാമും 512GB വരെ യുഎഫ്എസ് 4.1 സ്റ്റോറേജും ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 5-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
50MP സോണി LYT-600 മെയിൻ റിയർ ക്യാമറക്കൊപ്പം 8 എംപി അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെട്ട ഡുവൽ കാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 16എംപി മുൻ ക്യാമറയുമുണ്ട്. 120 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള വമ്പൻ 7,000 എംഎഎച്ച് ബാറ്ററിയാണ് ടർബോ പ്രോയിലുള്ളത്. കണക്ടിവിറ്റിക്കായി 5G, ഡ്യുവൽ 4G, വൈഫൈ, ബ്ലൂടൂത്ത് 6.0, ജിപിഎസ്, എൻഎഫ്എസ്, ഒരു USB ടൈപ്പ്-C 2.0 പോർട്ട് എന്നീ ഫീച്ചറുകളുമുണ്ട്. പൊടി, ജല പ്രതിരോധത്തിന് IP65 റേറ്റിങ്ങും ഫോണിനുണ്ട്.
ബേൺ, ഡെസേർട്ട് കളർ, സീസ് ഓഫ് ക്ലൗഡ്സ് വൈറ്റ്, സ്റ്റാറി സ്കൈ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. ഐക്യൂ Z10 ടർബോ പ്രോയുടെ 12GB + 256GB മോഡലിന് ചൈനയിൽ ഏകദേശം 23,400 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16GB + 256GB പതിപ്പിന് ഏകദേശം 25,800 രൂപ വിലവരും. 12GB + 512GB മോഡലിന് ഏകദേശം 28,100 രൂപയും, 16GB + 512GB മോഡലിന് ഏകദേശം 30,500 രൂപയുമാണ് വില വരുന്നത്.