ലൈംഗികാതിക്രമക്കേസ്‌ : സിവിക് ചന്ദ്രനെതിരായ ഹർജികൾ പത്തൊമ്പതിലേക്ക്‌ മാറ്റി

news image
Sep 16, 2022, 5:03 am GMT+0000 payyolionline.in

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ  സിവിക്‌ ചന്ദ്രന്‌ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജികൾ  ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ കൂടുതൽ സമയം തേടിയതോടെയാണ്‌ ഹർജികൾ മാറ്റിയത്. പരാതിക്കാരിയും സംസ്ഥാനസർക്കാരും നൽകിയ ഹർജികൾ ജസ്റ്റിസ് എ  ബദറുദ്ദീനാണ്‌ പരിഗണിച്ചത്‌.  കേസ് ഡയറി ഹാജരാക്കാൻ സിംഗിൾ ബെഞ്ച് നേരത്തേ നിർദേശിച്ചിരുന്നു.

2020 ഫെബ്രുവരി എട്ടിന് ‘നിളാ നടത്തം’ ഗ്രൂപ്പ്‌ നടത്തിയ സാംസ്കാരിക ക്യാമ്പിനുശേഷം പരാതിക്കാരി കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നാണ്‌ പരാതി. 2022 ജൂലൈ 29ന് നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക്കിനെതിരെ കേസെടുത്തു. ആഗസ്‌ത്‌ 12ന് കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ   മുൻകൂർജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ ഫോട്ടോകൾ പരിശോധിച്ച കോടതി ഇവർ പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന്‌ പരാമർശിച്ച്‌ ജാമ്യം അനുവദിച്ചത് വിവാദമായി.

വിവാദ പരാമർശത്തോടെ മുൻകൂർജാമ്യം അനുവദിച്ച വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരിയുടെ ഹർജി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനുപിന്നാലെ നടന്ന സ്ഥലംമാറ്റം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe