ലൈനിൽ മുട്ടി, തൃശൂരിൽ കെഎസ്ഇബിയുടെ വാഴവെട്ട്; വെട്ടിയത് കുലച്ച നേന്ത്രവാഴകൾ

news image
Feb 5, 2024, 2:54 pm GMT+0000 payyolionline.in

തൃശൂർ: തൃശൂരിലും കെഎസ്ഇബിയുടെ വാഴവെട്ട്. തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ചൂലൂർ ജുമാ മസ്ജിദിന് എതിർവശത്തെ സ്ഥലത്ത് കുലച്ചുനിന്ന ആറു വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിനശിപ്പിച്ചത്. തൊഴുത്തുംപറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണിവ.

വൈദ്യുതി ലൈനിലെ ടച്ചിങ്ങ് വെട്ടാനെത്തിയ വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ  കരാറു ജോലിക്കാരാണ് വാഴകൾ വെട്ടിയത്. വാഴകൃഷി നടത്തുന്ന സ്ഥലത്തേക്ക് മതിൽ ചാടിയെത്തിയാണ് ലൈനിന് താഴത്തെ വാഴകൾ വെട്ടി നശിപ്പിച്ചതെന്ന് സന്തോഷ് പറഞ്ഞു. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നും ഇവർ പറയുന്നു.

രണ്ട് വർഷം മുമ്പാണ് സന്തോഷും സുഹൃത്തുക്കളും ചേർന്ന് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി വാഴകൃഷി ആരംഭിച്ചത്. പത്ത് മാസം മുമ്പ് നട്ട് ഇപ്പോൾ കുലച്ചു നിൽക്കുന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. കൃഷി മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു. അതേ സമയം  ലൈനിലേക്ക് മുട്ടി നിൽക്കുന്ന ഭാഗമാണ് വെട്ടി ഒഴിവാക്കിയതെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe