കണ്ണൂർ : സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയതോടെ സാധാരണക്കാരായ നിരവധിപ്പേരെയാണ് അത് ബാധിച്ചിരിക്കുന്നത്. ലൈഫ് ഭവന നിര്‍മാണം നിലയ്ക്കുകയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുകയും ചെയ്തതോടെ ജീവിതം തടവിലായ നിലയിലാണ് തളിപ്പറമ്പ് ചപ്പാരപടവ് പഞ്ചായത്തിലെ ജോര്‍ജും ഭാര്യയും. അയല്‍വാസിയുടെ ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ഓലക്കുടിലിലിരുന്ന് പാതി പൂര്‍ത്തിയായ വീട് നോക്കി നെടുവീര്‍പ്പെടുകയാണ് ഇരുവരും. അഞ്ച് സെന്‍റ് ഭൂമിയിൽ പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടാണ് ജോര്‍ജിന്‍റെയും ഭാര്യ വല്‍സമ്മയുടെയും ഏക സ്വത്ത്. അയല്‍വാസിയുടെ ഭൂമിയില്‍ കെട്ടിയ ഓലപ്പുരയില്‍ നിന്ന് ഉടന്‍ ഇറങ്ങേണ്ടി വരുമെന്ന ആധിയിലാണ് ഇരുവരും.
ചപ്പാരപ്പടവ് പഞ്ചായത്തിലെ 378 ഭവന രഹിത കുടുംബങ്ങളിൽ ഒന്ന് ജോർജിന്റേതാണ്. താമസിച്ചുവന്ന വീട് പൊളിഞ്ഞു വീഴാറായതോടെയായിരുന്നു ലൈഫ് പദ്ധതിക്ക് കീഴില്‍ വീടിന് അപേക്ഷിച്ചത്. ഗുണഭോക്തൃ പട്ടികയില്‍ ആദ്യ പരിഗണന കിട്ടി. പഴയ വീട് പൊളിച്ച് അയല്‍വാസിയുടെ ഭൂമിയില്‍ ഒരു ഓലക്കുടില്‍ കെട്ടി ജോര്‍ജും ഭാര്യയും താമസം മാറി. വീടായാലുടന്‍ താമസമൊഴിയാമെന്ന ഉറപ്പിലാണ് അയൽവാസിയുടെ പറമ്പിൽ കുടിൽ കെട്ടിയത്. ആദ്യ ഘഡു തുക കൊണ്ട് നിര്‍മാണം തുടങ്ങി. പിന്നീട് രണ്ട് വട്ടം കൂടി പണം കിട്ടി. ആകെ 2,80,000 രൂപ. എന്നാല്‍ ലിന്‍റില്‍ പൊക്കത്തില്‍ നിര്‍മാണം എത്തിയതോടെ പണം കിട്ടാതായി. ഇതിനിടെ അയല്‍വാസി ജോര്‍ജജിന്‍റെ കുടിലിരിക്കുന്ന ഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു.