കണ്ണൂര്‍: കണ്ണൂരില്‍ തീവണ്ടി ഇറങ്ങിയാല്‍ അവിടെനിന്ന് ഇ-സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കല്‍ മ്യൂസിയംവഴി കറങ്ങി തിരിച്ചുവരാം. അതിനുള്ള സൗകര്യം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുകയാണ് റെയില്‍വേ. പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കുന്നത്.
മണിക്കൂര്‍, ദിവസ വാടകയ്ക്ക് ഇ-സ്‌കൂട്ടര്‍ നല്‍കും. ആധാര്‍ കാര്‍ഡ്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചാണ് സ്‌കൂട്ടര്‍ വാടകയ്ക് നല്‍കുക. ജിപിഎസ് സംവിധാനം ഉണ്ടാകും. ഹെല്‍മെറ്റും നല്‍കും. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ചെറുദൂര യാത്രാ ആവശ്യങ്ങള്‍ക്ക് ഇ-വാഹനം ഉപയോഗിക്കാം.
റെയില്‍വേ നല്‍കുന്ന സ്ഥലത്ത് കരാറുകാരാണ് സംരംഭം ഒരുക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പദ്ധതി ഉടന്‍ തുടങ്ങും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്ന (റെന്റ് എ ബൈക്ക്) സംവിധാനമുണ്ട്.