ലൈസൻസ് ഇല്ലാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ലോൺ തിരിച്ചടക്കേണ്ട -കർണാടക സർക്കാർ

news image
Feb 3, 2025, 10:49 am GMT+0000 payyolionline.in

ബെംഗുളൂരു: ലൈസൻസ് ഇല്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ലോൺ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ടുദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് പുറപ്പെടുവിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ചെറുകിട കർഷകർ തുടങ്ങിയവർക്ക് ആശ്വാസമായാണ് പുതിയ നടപടി. രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്ത് ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുകയാണ്. ഇത് തടയാനായാണ് കർണാടക സർക്കാരിന്റെ പുതിയ നീക്കം.

ലൈസന്‍സ് ഇല്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തുമായ മൈക്രോ ഫിനാന്‍സില്‍നിന്ന് കടമെടുത്തവരുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂര്‍ണമായി ഒഴിവാക്കിയതായി കണക്കാക്കും.

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ഒരു സിവില്‍ കോടതിയും സ്വീകരിക്കില്ല. ഇത്തരം കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികള്‍ അവസാനിപ്പിക്കും- ഓര്‍ഡിനന്‍സില്‍ പറയുന്നു.

എന്നാല്‍, രജിസ്റ്റര്‍ ചെയ്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയും ഓര്‍ഡിനന്‍സ് ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. പുതിയ ഓര്‍ഡിന്‍സ് രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോണ്‍ റിക്കവറിയെ ബാധിക്കുമെന്നും കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടുന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 30 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവര്‍ത്തനങ്ങള്‍, ലോണ്‍ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റര്‍ പുതുക്കേണ്ടവര്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe