ഇന്ത്യ: ഏഷ്യയിലും യൂറോപ്പിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരുന്ന പ്രതിഭാസമായ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രി. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാനാകും. 2025 സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ ഒരു പൂർണ ചന്ദ്രഗ്രഹണം നടക്കുക.ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ട് നിൽക്കുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. ഈ ചന്ദ്രഗ്രഹണം ഒരു ബ്ലഡ് മൂൺ ആയിരിക്കും. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രന് ചുവപ്പ് നിറം ലഭിക്കുന്ന പ്രതിഭാസമാണിത്. എട്ടാം തീയതി അർധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനിറ്റ് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും.
വ്യത്യസ്ത സമയ മേഖലകളിൽ ഗ്രഹണത്തിൻ്റെ ദർശന സമയം വ്യത്യാസമുണ്ട്. ലോകജനസംഖ്യയുടെ 77 ശതമാനം പേർക്കും ഗ്രഹണത്തിന്റെ മുഴുവൻ ഘട്ടവും കാണാൻ കഴിയുമെന്ന് റിപ്പോർട്ട്.
ചന്ദ്രഗ്രഹണം എങ്ങനെ സംഭവിക്കുന്നു?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു. ഇങ്ങനെ ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയുമ്പോൾ അതിനെ പൂർണ ചന്ദ്രഗ്രഹണം എന്ന് പറയുന്നു. ഭാഗികമായി മറയുമ്പോൾ അതിനെ ഭാഗിക ചന്ദ്രഗ്രഹണം എന്നും പറയുന്നു. ഗ്രഹണസമയത്ത് ഭൂമിയിലെ അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും ചന്ദ്രന്റെ നിറം. ഭൂമിയുടെ അക്ഷാംശത്തിന്റെ ഏറ്റവും ഇരുണ്ട ഭാഗമായ അക്ഷാംശത്തിലൂടെ സഞ്ചരിക്കുമ്പോൾ, ചന്ദ്രൻ ചുവപ്പിന്റെ സമ്പന്നവും ഇരുണ്ടതുമായ നിറത്തിൽ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
എന്താണ് ബ്ലഡ് മൂൺ?
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമി ചന്ദ്രന്റെ അടുത്തേക്കെത്തുന്ന സൂര്യരശ്മികളെ തടയുന്നു. എന്നാൽ സൂര്യരശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ നീല നിറം നഷ്ടപ്പെടുകയും ചുവപ്പ്, ഓറഞ്ച് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു. ഇതുകാരണം ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. ഇതിനെയാണ് ബ്ലഡ് മൂൺ എന്ന് പറയുന്നത്. സെപ്റ്റംബർ 7ന് കാണുന്ന ബ്ലഡ് മൂൺ 82 മിനിറ്റ് നീണ്ടുനിൽക്കും.
ചന്ദ്രഗ്രഹണത്തിൻ്റെ സമയം
ലണ്ടനിൽ വൈകുന്നേരം 7.30നും 7.52നും ഇടയിൽ ഗ്രഹണം കാണാം. പാരീസിലും കേപ് ടൗണിലും 7.30 മുതൽ 8.52 വരെയും നീണ്ടുനിൽക്കും. ഇസ്താംബുൾ, കെയ്‌റോ, നെയ്‌റോബി എന്നിവിടങ്ങളിൽ രാത്രി 8.30 മുതൽ 9.52 വരെയും ടെഹ്‌റാനിൽ 9.00 മുതൽ 10.22 വരെയും ദൃശ്യമാകും.
മുംബൈയിൽ രാത്രി 11.00 മുതൽ 12.22 വരെ നീണ്ടുനിൽക്കും. ബാങ്കോക്കിൽ പുലർച്ചെ 12.30 മുതൽ1.52 വരെയും, ബീജിങ്, ഹോങ്കോങ്, പെർത്ത് എന്നിവടങ്ങളിൽ പുലർച്ചെ 1.30 മുതൽ 2.52വരെയും, ടോക്കിയോയിലെ 2.30 മുതൽ 3.52 വരെയും, സിഡ്‌നിയിൽ പുലർച്ചെ 3.30 മുതൽ 4:52 വരെയും കാണാനാകും.