ബംഗളൂരു: ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നാലു ദിവസങ്ങളിലായി നടന്ന ലോക കോഫി സമ്മേളനം സമാപിച്ചു. സമ്മേളനം പങ്കാളിത്തംകൊണ്ടും സന്ദർശക ബാഹുല്യംകൊണ്ടും പൂർണവിജയമായിരുന്നുവെന്ന് കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. കെ.ജി. ജഗദീശ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാപ്പി വ്യവസായ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും വിവിധ സെഷനുകളില്‍ ചര്‍ച്ചയായി. രാജ്യാന്തര സമ്മേളനം, സ്കില്‍ ബില്‍ഡിങ് സെമിനാര്‍, ഗ്രോവേഴ്സ് സമ്മേളനം, സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് എന്നിവിടങ്ങളിലെ 45 സെഷനുകളിലായി 127 പേര് ക്ലാസെടുത്തു. ഇതില്‍ 80 പേര് രാജ്യാന്തര പ്രതിനിധികളാണ്. 347 ബി ടു ബി യോഗങ്ങള്‍ നടന്നു. സമ്മേളനത്തില്‍ ആകെ 2606 പ്രതിനിധികളാണ് പങ്കെടുത്തത്.
കൂടാതെ 12,522 ബിസിനസ് പ്രതിനിധികളും 253 പ്രദർശകരും പങ്കെടുത്തു. സമ്മേളനം നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ 1600 ഡെലിഗേറ്റുകളെ മാത്രമാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സമ്മേളനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് 2000 പേര് രജിസ്റ്റര്‍ ചെയ്തതിനാല്‍ രജിസ്ട്രേഷന് നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് രജിസ്ട്രേഷന് പുനരാരംഭിക്കാന്‍ വലിയ സമ്മർദമുണ്ടായി. തുടർന്ന് 2700 പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജഗദീശ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ലോക കോഫി സമ്മേളനം നടന്നത്. കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് സമ്മേളനം സംഘടിപ്പിച്ചത്.