സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗുകേഷ്. 2006 ൽ ജനിച്ച ഗുകേഷിന് 18 വയസാണ് പ്രായം.
ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 13 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ് ജയം പിടിക്കുകയായിരുന്നു. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തിൽ ചൈനീസ് താരത്തിന് സംഭവിച്ച പിഴവ് ഗുകേഷ് മുതലെടുക്കുകയായിരുന്നു.
കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ചായിരുന്നു ചെന്നൈ സ്വദേശിയായ ഗുകേഷ് ലോക ചാമ്പ്യനെ നേരിടാൻ അർഹത നേടിയത്. ഈ അംഗീകാരം ലഭിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു ഗുകേഷ്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ലോക ചാമ്പ്യാനാവുന്നത്. ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യനായിരുന്നു. 2012ലാണ് അവസാനകിരീടം. തുടർന്ന് 2021 വരെ നോർവേയുടെ മാഗ്നസ് കാൾസണായിരുന്നു ആധിപത്യം. അഞ്ചുതവണ ലോക ചാമ്പ്യനായ ഒന്നാംറാങ്കുകാരൻ ഇനി ലോക ചാമ്പ്യൻഷിപ്പിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫിഡെ റാങ്കിങ്ങിൽ 2783 റേറ്റിങ്ങോടെ അഞ്ചാമതാണ് ഡി ഗുകേഷ്.