ലോട്ടറി സമ്മാനം പലതവണയായി 10,000 രൂപ കടന്നാൽ 30% നികുതി

news image
Jul 3, 2023, 6:48 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ചെറിയ സമ്മാനങ്ങൾ പലതവണ കിട്ടുന്നവ‍രിൽ നിന്നു കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാന സർക്കാർ നികുതി ഈടാക്കി തുടങ്ങി. ആദായനികുതി നിയമം (2023) പ്രകാരമാണു കേന്ദ്രത്തിന്റെ നടപടി.

ഒരു വർഷം പലതവണയായി 10,000 രൂപയ്ക്കു മുകളിൽ സമ്മാനം ലഭിക്കുന്നവരിൽ നിന്നാണു നികുതി(ടിഡിഎസ്) ഈടാക്കുന്നത്. ഇവരിൽ നിന്ന് 30% നികുതിയാണു പിടിക്കുന്നത്. നേരത്തേ, 10,000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തിനു മാത്രമായിരുന്നു നികുതി. പലതവണയായി ചെറു സമ്മാനങ്ങൾ കിട്ടുന്നവരിലൂടെയുള്ള നികുതിച്ചോർച്ച ഒഴിവാക്കുന്നതിനാണ് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ നികുതി ഈടാക്കാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ കേരളത്തിൽ ഒരു മാസം വൈകി മേയ് മുതലാണ് ഇതു നടപ്പാക്കിയത്.

 

ലോട്ടറി ഓഫിസുകളിൽ സമ്മാനാർഹമായ ടിക്കറ്റുമായി എത്തി സമ്മാനം കൈപ്പറ്റുന്നവരിൽ നിന്ന് ആദ്യഘട്ടത്തിൽ നികുതി ഈടാക്കാനാണ് തീരുമാനം. അതേസമയം, സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ച് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇത്തരത്തിൽ നികുതി ഈടാക്കിയിട്ടില്ലെന്നു ലോട്ടറി ഏജന്റുമാർ പറയുന്നു.

30% നികുതി ഈടാക്കുന്നതു കേരളത്തിൽ ലോട്ടറി  നടത്തിപ്പിനെ ബാധിക്കും. ഭാഗ്യക്കുറിക്ക് 28% ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയതോടെ ലോട്ടറി നടത്തിപ്പ് കടുത്ത പ്രതിസന്ധിയിലാണ്. ഇതിനു പുറമേയാണ് 30% നികുതി കൂടി ചുമത്തുന്നതെന്നും ഇതു പിൻവലിക്കണമെന്നു ഏജന്റുമാർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe