തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ ഡിസംബർവരെ തുടരാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകി. യുഡിഎഫ് ഭരണകാലത്ത് ചട്ടം ലംഘിച്ച് നടപ്പാക്കിയ നാല് ദീർഘകാല കരാറാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. ഈ കരാറിൽനിന്ന് ഡിസംബർവരെ താൽക്കാലികമായി വൈദ്യുതി വാങ്ങാനാണ് അനുമതി. കേന്ദ്ര ട്രിബ്യൂണലിനെ കെഎസ്‌ഇബി സമീപിച്ച സാഹചര്യത്തിലാണ് ഇത്.
മഴ കുറഞ്ഞ പശ്ചാത്തലത്തിൽ 700 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി തീരുമാനിച്ചിട്ടുണ്ട്. 500 മെഗാവാട്ട് അടുത്ത ജൂണിൽ തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിലാണിത്. 200 മെഗാവാട്ട് ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിലും വാങ്ങും. ഇതിന്റെ തുക 15 ദിവസത്തിനകം കൊടുത്താൽ മതി. ദിവസവും പണം കൊടുക്കേണ്ട പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി വാങ്ങൽ കുറയ്‌ക്കാൻ കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിന് ദിവസവും 15 കോടി രൂപയിലേറെ ചെലവിടേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മഴകുറഞ്ഞ പശ്ചാത്തലത്തിലുള്ള പ്രതിസന്ധി 25ന് മുഖ്യമന്ത്രി പിണറായി വിജയനെ വൈദ്യുതിമന്ത്രി ധരിപ്പിക്കും.