കോഴിക്കോട്: പ്രതിപക്ഷത്തിന്റെയോ മതേതര പാർട്ടികളുടെയോ എതിർപ്പ് വകവെക്കാതെ നിലവിലെ വഖഫ് നിയമങ്ങളിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ പുതിയ നിയമം അടിച്ചേൽപിച്ചതിനെതിരെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ബിൽ അറബിക്കടലിൽ എറിഞ്ഞ് പ്രതിഷേധിക്കും. 15ന് വൈകീട്ട് നാലിന് കടപ്പുറത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്കാരിക നായകർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുനമ്പം പ്രശ്നം വഖഫ് നിയമം പ്രാബല്യത്തിൽ വന്നതോടെ പരിഹരിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രി മോദി മുതൽ ബി.ജെ.പിയുടെ കീഴ്ത്തട്ടിലുള്ള നേതാക്കൾ വരെ കുപ്രചാരണം നടത്തുകയാണ്. ഇത് മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ അകൽച്ച സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശം ബി.ജെ.പി നടത്തുന്ന മലപ്പുറം കുപ്രചാരണത്തേക്കാൾ അപ്പുറമായിപ്പോയെന്നും നേതാക്കൾ പറഞ്ഞു. ഏതു സാഹചര്യത്തിലായാലും ഇങ്ങനെയൊരു പരാമർശം നടത്തിയത് ശരിയായില്ല. വീട്ടിൽത്തന്നെ ആർ.എസ്.എസ് ശാഖയുള്ള ആളാണ് വെള്ളാപ്പള്ളി. എന്നാൽ, വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തത് ഇതുമായി ചേർത്തുവെക്കേണ്ടതില്ലെന്നും അത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലക്ക് അദ്ദേഹത്തിന്റെ കടമയാണെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, ജന. സെക്രട്ടറി ഒ.പി അബ്ദുറഹിമാൻ എന്നിവരും പങ്കെടുത്തു.