വഖഫ് ബിൽ; ജെപിസി യോ​ഗത്തിൽ നാടകീയ സംഭവങ്ങൾ, തൃണമൂൽ എംപിയ്ക്ക് സസ്പെൻഷൻ

news image
Oct 22, 2024, 11:43 am GMT+0000 payyolionline.in

ദില്ലി: വഖഫ് ബില്ലിലെ സംയുക്ത പാർലമെന്ററി യോഗത്തിൽ അരങ്ങേറിയത് അപൂർവ സംഭവങ്ങൾ. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിക്ക് പരിക്കേറ്റു. ‌ചർച്ചയ്ക്കിടെ കല്യാൺ ബാനർജി ചില്ലുകുപ്പി എടുത്ത് മേശയിൽ എറിഞ്ഞുടച്ചത് അപൂർവ സംഭവങ്ങളിലൊന്നായി മാറി. ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ ബാനർജിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയായിരുന്നു സംഭവം. വഖഫ് സംയുക്ത പാർലമെന്ററി സമിതിയിൽ നിന്ന് ഒരു ദിവസത്തേക്കാണ് ബാനർജിയെ സസ്‌പെൻഡ് ചെയ്തത്. ബാനർജിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തതെന്നും തൃണമൂൽ എംപിയുടെ സസ്‌പെൻഷനെ അനുകൂലിച്ച് ഒമ്പതും എതിർത്ത് ഏഴ് വോട്ടും ലഭിച്ചെന്നും അധികൃതർ അറിയിച്ചു. ബാനർജിയുടെ വിരലുകളിൽ നാല് തുന്നലുകൾ ഇടേണ്ടി വന്നതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് പാർലമെൻ്റ് അനക്‌സിൽ നടന്ന യോഗം അൽപനേരം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ജെപിസിയിൽ ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മണിക്കൂറോളം നീണ്ട അവതരണം നടത്തി. തുടർന്ന് ബിജെപി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe