ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ ഈ മാസം 16ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. 10 ഹരജികളാണ് ബെഞ്ചിന്റെ പരിഗണനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍, എ.പി.സി.ആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് പരിഗണിക്കുക.
തൃണമൂൽ കോൺഗ്രസും കഴിഞ്ഞ ദിവസം വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹരജി സമർപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഹരജി നൽകിയത്. നിയമം പാർലമെന്‍ററി നടപടികളുടെ ലംഘനമാണെന്നും ജെ.പി.സി ചെയർമാൻ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.