വടകര : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി അടയ്ക്കാെത്തരു ജങ്ഷന് സമീപം റോഡിന്റെ മധ്യത്തിൽ ഗതാഗതനിയന്ത്രണത്തിനായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡ് കാറ്റിൽ മറിഞ്ഞുവീണ് സ്കൂട്ടർ യാത്രികർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് കോടതിയിലെ ജീവനക്കാരനും വടകര സ്വദേശിയുമായ രാജേഷും സുഹൃത്തുമാണ് മറിഞ്ഞുവീണ ബാരിക്കേഡിന്റെ അടിയിൽ പെട്ടത്. പിന്നാലെവന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. രാജേഷിന് പരിക്കുണ്ട്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലോകനാർകാവ് ശിവക്ഷേത്രത്തിലെ മേൽശാന്തി സതീശൻ നമ്പൂതിരിയുമായി രാജേഷ് വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പാറേമ്മൽ സ്കൂളിനരികിലെ യു ടേണിന് സമീപം വെച്ച ഇരുമ്പ് ബാരിക്കേഡാണ് കാറ്റിൽ റോഡിലേക്ക് മറിഞ്ഞുവീണതും രാജേഷും സുഹൃത്തും അപകടത്തിൽപ്പെട്ടതും. രാജേഷ് വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സുഹൃത്തിന് കാര്യമായ പരിക്കില്ല.
സുരക്ഷാമാനദണ്ഡം പാലിക്കാതെയാണ് ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചതെന്ന് ആരോപണമുണ്ട്. ചെറിയൊരു കാറ്റടിച്ചാൽപ്പോലും വീഴുന്ന തരത്തിൽ, തീരെ ഉറപ്പിക്കാതെയാണ് ബാരിക്കേഡ് ഇവിടെ വെച്ചത്. രണ്ട് ബാരിക്കേഡ് ഇവിടെയുണ്ട്. ബാരിക്കേഡിന്റെ കാലിൽ രണ്ട് സിമന്റ് കട്ട എടുത്തുവെച്ചിട്ടുണ്ട്.