വടകര : വടകര നഗരത്തിൽ വിവിധ ഭാഗത്തായി നായയുടെ കടിയേറ്റ് ഏഴു പേർക്ക് പരുക്ക്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.
അമൃത പബ്ലിക് സ്കൂൾ ജീവനക്കാരൻ വള്ള്യാട് കിടഞ്ഞോത്ത് ബാബു (44), ബിഇഎം ഹൈസ്കൂൾ വിദ്യാർഥി ചോറോട് വാണിയം കണ്ടി നിസാഹുൽ റഹ്മാൻ (14), ജെഎൻഎംഎച്ച്എസ്എസ് വിദ്യാർഥി താഴെഎടവലത്ത് അൽക്കേഷ് (16), നാരായണ നഗർ നീലാംബരിയിൽ നാരായണി (80), മേപ്പയൂർ ഒറ്റത്തെങ്ങാതിൽ അൻവർ (35), പുതുപ്പണം കിഴക്ക മുതിരേമ്മൽ പ്രദീപൻ (41), കാർപെന്റർ ജോലിക്കാരനായ തൃശൂർ സ്വദേശി സുധീഷ് (35) എന്നിവർക്കാണ് പരുക്കേറ്റത്.
നാരായണിയെ വീട്ടിലെ കോലായിൽ കയറിയും പ്രദീപനെയും അൻവറിനെയും പുതിയ ബസ് സ്റ്റാൻഡ് – എടോടി റോഡിലും സുധീഷിനെ മേപ്പയിൽവച്ചും അൽക്കേഷിനെ പുതിയ ബസ് സ്റ്റാൻഡിൽവച്ചും നിസാഹുലിനെ പാർക്ക് റോഡിൽ വച്ചും ബാബുവിനെ തിരുവള്ളൂർ റോഡ് ആശുപ്രതി റോഡിലും വച്ചാണ് ആക്രമിച്ചത്. എല്ലാവർക്കും ജില്ലാ ആശുപത്രിയിൽ കുത്തിവയ്പ് നടത്തി. കണ്ണൂർ തളിപ്പറമ്പിലും മൂന്നു പേർക്ക് നായയുടെ കടിയേറ്റു.