കുനിങ്ങാട് : കിണർ വൃത്തിയാക്കാനിറങ്ങി അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. പുറമേരി പഞ്ചായത്ത് കുനിങ്ങാട് മഠത്തിൽ നാസറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ കൈതക്കുണ്ട് സ്വദേശി പൂവള്ളതിൽ സമീറാണ് (42) കിണറിൽ അകപ്പെട്ടത്.
50 അടിയിലധികം ആഴവും 10 അടിയിലധികം വെള്ളവുമുണ്ടായിരുന്ന കിണറിന്റെ മോട്ടോറിന്റെ കയറിൽ പിടിച്ചുനിൽക്കുകയായിരുന്ന സമീറിനെ നാദാപുരത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഒരു പരിക്കുംകൂടാതെ രക്ഷപ്പെടുത്തുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് നടുക്കണ്ടി, ദിൽറാസ്, ശിഖിലേഷ്, ഷിഗിൻ ചന്ദ്രൻ, ശ്യാംജിത്ത് കുമാർ, ജ്യോതികുമാർ, അഭിനന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.
