വടകര : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ ആയുധധാരികളായ കേന്ദ്രസേനയെ വിന്യസിപ്പിക്കും. നേരത്തെ രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ പ്രദേശങ്ങൾ ഉൾപ്പെടെ പ്രശ്നബാധിത ബൂത്തുകളുടെ ലിസ്റ്റിൽ ഉൾപ്പെടും. പൊലീസ് സ്റ്റേഷൻ പരിധിയിൽ 125 കെട്ടിടങ്ങളിലായി 237 ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. താഴെ അങ്ങാടി, ചെമ്മരത്തൂർ, മുടപ്പിലാവിൽ, വില്യാപ്പള്ളി, കുരിക്കിലാട്, വൈക്കിലിശേരി, വള്ളിക്കാട്, ആയഞ്ചേരി, മംഗലാട്, തറോപൊയിൽ, കാഞ്ഞിരാട്ട്തറ, നെടുമ്പ്ര മണ്ണ, കറുകയിൽ, പുതുപ്പണം വെളുത്തമല, തണ്ടോട്ടി, കോട്ടപ്പള്ളി തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടും.
തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വടകരയിൽ ദ്രുതകർമസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. ഒന്തം ഓവർ ബ്രിഡ്ജിൽനിന്ന് തുടങ്ങിയ റൂട്ട് മാർച്ച് വടകര പുതിയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ആർഎഎഫ് 105 കോയമ്പത്തൂർ ബറ്റാലിയനിലെ 115 പേരടങ്ങുന്ന സേനാംഗങ്ങളാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിൽ ആർഎഎഫിനെയാണ് നിയോഗിക്കുക. പ്രശ്നബാധിത സ്ഥലങ്ങളിൽ കേന്ദ്രസേനയുടെ പ്രത്യേകം റൂട്ട് മാർച്ച് നടത്തും. ക്രമസമാധാനം ഉറപ്പുവരുത്താൻ പൊലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വടകരയിൽ നടന്ന റൂട്ട് മാർച്ചിന് ഡിവൈഎസ്‌പി സനിൽ കുമാർ, സിഐ കെ മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
