വടകര∙ വടകര പഴയ ബസ് സ്റ്റാൻഡിൽ കുഴികൾ നിറഞ്ഞതോടെ യാത്രക്കാർക്ക് നടക്കാനും ബസുകളിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ബസ് കാത്തു നിൽക്കുന്ന സ്ഥലത്തെ കുഴികൾ നന്നാക്കുന്നതിന് തുക മാറ്റി വച്ചതായാണ് അധികൃതർ പറയുന്നത്. പക്ഷേ ഇതുവരം നടപടി തുടങ്ങിയതായി സൂചനയില്ല.
പേരാമ്പ്ര ബസുകൾ നിർത്തുന്ന ഭാഗത്ത് വൻകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴി ആളുകൾ കാണാതിരിക്കാൻ ബോർഡ് വച്ച് മറച്ചിരിക്കുകയാണ്. മഴ പെയ്താൽ ബസ് സ്റ്റാൻഡിലെ വെള്ളം മുഴുവൻ ഇതുവഴിയാണ് ഇപ്പോൾ കോട്ടപ്പറമ്പ് ഭാഗത്തേക്ക് ഒഴുകുന്നത്. അങ്ങനെ വലുതായി. സൂക്ഷിച്ചു നോക്കിയാൽ കോട്ടപ്പറമ്പിലേക്കുള്ള റോഡ് കാണാം ! ബസിൽ കയറുന്നവർക്കും ബസിൽ നിന്ന് ഇറങ്ങുന്നവർക്കും വൻ ഭീഷണിയാണ് ഈ കുഴി. പല തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അടയ്ക്കാനുള്ള നടപടികളൊന്നും ഇല്ല.
കോട്ടപ്പറമ്പിലേക്കുള്ള കോണിപ്പടികൾ തുടങ്ങുന്നിടത്ത് വൻ കുഴി രൂപപ്പെട്ടിട്ട് അധികമായിട്ടില്ല. പാകിയ കരിങ്കല്ലുകൾ ഇളകി കുഴിയായിരിക്കുകയാണ്. അകപ്പെട്ടാൽ കാൽ പൊട്ടുമെന്ന് ഉറപ്പാണ്. ബസുകൾ നിർത്തുന്നതിന് തൊട്ടു പിറകിലാണ് ഈ കുഴി ഉള്ളത്. ബസ് സ്റ്റാൻഡിൽ നിന്നു കോട്ടപ്പറമ്പിലേക്ക് ആളുകൾ പോകുന്ന വഴി കൂടിയാണ്. പൊതുയോഗം നടക്കുമ്പോൾ ധാരാളം പേർ ഇവിടെ നിൽക്കാറുണ്ട്. ശ്രദ്ധ തെറ്റിയാൽ വീഴുമെന്ന് ഉറപ്പാണ്. ഈ കുഴിയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്.
അരൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്നതിന് തൊട്ടു മുൻവശത്ത്, ബസ് സ്റ്റാൻഡിന് ഒത്ത നടുവിലായാണ് കഴിഞ്ഞ ദിവസം യാത്രക്കാരനെ വീഴ്ത്തിയ കുഴി. ബസുകൾ സ്റ്റാൻഡിൽ കയറിയ ശേഷം ഇവിടെ നിർത്തിയാണ് ട്രാക്കിലേക്ക് മാറ്റുന്നത്. ടാറും കല്ലുകളും ഇളകി രൂപപ്പെട്ട കുഴി, മഴയിൽ വെള്ളം നിറഞ്ഞാൽ കാണാൻ പ്രയാസമാണ്. മറ്റ് കുഴികളെ അപേക്ഷിച്ച് ചെറിയ കുഴി ആണെങ്കിലും ബസ് പിടിക്കാൻ എത്തുന്നവർക്ക് ഭീഷണി തന്നെയാണ്. കോട്ടപ്പറമ്പ് നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡും പാർക്കിങ്ങും ഉൾപ്പെടെ വരും. പക്ഷേ അതിനാവശ്യമായ ഫണ്ട് നഗരസഭയുടെ കൈവശം ഇല്ല. നടപടി തുടങ്ങാൻ ഈ കുഴികൾ എത്ര പേരുടെ ജീവനെടുക്കേണ്ടി വരും എന്നാണു നാട്ടുകാരുടെ ചോദ്യം.