വടകര: റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇഴഞ്ഞുനീങ്ങിയ പ്ലാറ്റ്ഫോം ഉയർത്തൽ നിർമാണപ്രവൃത്തി പുരോഗമിക്കുന്നു. ഒന്നരക്കോടി ചെലവിലാണ് പ്ലാറ്റ്ഫോം ആധുനികവത്കരിക്കുന്നത്.
പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഇരു ഭാഗങ്ങളും പൊളിച്ചുനീക്കുകയുണ്ടായെങ്കിലും പ്രവൃത്തി നിലച്ചത് യാത്രാദുരിതത്തിനിടയാക്കിയിരുന്നു. പ്ലാറ്റ്ഫോമിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റിയതിനാൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പറ്റാത്ത അവസ്ഥയായിരുന്നു. റെയിൽവേ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ്ഫോം ഉയർത്തിക്കിട്ടുകയെന്നത്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.
ട്രെയിനിലേക്ക് കയറാനും ഇറങ്ങാനും വയോധികരും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. റെയിൽ പാളത്തിൽനിന്ന് 84 സെന്റിമീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തേണ്ടത്. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തുക. ഇതോടൊപ്പം പ്രവേശന കവാടവും ഗ്രാനൈറ്റ് പതിച്ച് നവീകരിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ വൻ നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. വടകരയിൽ രണ്ടു ഘട്ടങ്ങളിലായി 22 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുക. രണ്ടാം പ്ലാറ്റ്ഫോം ഗ്രാനൈറ്റ് പതിക്കൽ, ഓട നിർമാണം, പാർക്കിങ് ഏരിയ, മേൽക്കൂര തുടങ്ങിയ വിപുലമായ വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.