വടകര സ്റ്റേഷനിലെ ലിഫ്റ്റിൽ മൂന്നുപേര്‍ കുടുങ്ങി; രക്ഷപെട്ടത് അരമണിക്കൂറിന് ശേഷം

news image
Nov 11, 2024, 11:25 am GMT+0000 payyolionline.in

വടകര: ഭിന്നശേഷിക്കാരനും രണ്ട് സ്ത്രീകളും അരമണിക്കൂറോളം വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി. ലിഫ്റ്റിനകത്തെ പ്രദര്‍ശിപ്പിച്ച നമ്പറുകളില്‍ ഡയല്‍ ചെയ്തിട്ട് ഫലമുണ്ടായില്ലെന്നും ഒടുവില്‍ തൃശൂരിലേക്കാണ് വിളി പോയതെന്നും യാത്രക്കാരന്‍ പറഞ്ഞു. അരമണിക്കൂറിന് ശേഷമാണ് വടകര റെയില്‍വേ സ്റ്റേഷനിലെ അധികൃതരെത്തി മൂന്നുപേരെയും പുറത്തെത്തിച്ചത്. മൂന്നു പേര്‍ക്കും ട്രെയിനും നഷ്ടമായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവ‍ർ റെയില്‍വേക്ക് പരാതി നല്‍കുകയും ചെയ്തു.

വിശദവിവരങ്ങൾ ഇങ്ങനെ

വടകരയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ കയറാനായി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയ മേപ്പയ്യൂര്‍ സ്വദേശി മനോജും മറ്റ് രണ്ട് വനിതാ യാത്രക്കാരുമാണ് രാവിലെ എട്ടരയോടെ ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റിനകത്ത് പ്രദര്‍ശിപ്പിച്ച നമ്പറുകളില്‍ വിളിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് വിളി പോയത്. ലിഫ്റ്റിൽ ഒപ്പം കുടുങ്ങിയ പെണ്‍കുട്ടികള്‍ അസ്വസ്ഥരായെന്നും താന്‍ ധൈര്യം നല്‍കുകയായിരുനെന്നും ഭിന്നശേഷിക്കാരനായ മനോജ് പറഞ്ഞു.  വൈദ്യുതി പോയതും ബാറ്ററി തകരാറുമാണ് കാരണമെന്നാണ് വിശദീകരണം. ലിഫ്റ്റ് കേടാകുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പുറത്തിറങ്ങിയപ്പോഴേക്കും മൂന്നുപേര്‍ക്കും ട്രെയിന്‍ നഷ്ടമായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേക്ക് പരാതി നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe