വടക്കഞ്ചേരി > വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത തകർന്നിട്ടും രമ്യ ഹരിദാസ് എംപിക്ക് കുലുക്കമില്ല. പന്നിയങ്കര പ്ലാസയിൽ ടോൾപിരിവ് പൊടിപൊടിക്കുമ്പോഴും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താതെ എംപി സമയം ചെലവിടുന്നത് വാചകമടിക്കാനാണ്.
പ്രദേശവാസികളിൽനിന്നുവരെ ടോൾ പിരിക്കാൻ കരാർ കമ്പനി തയ്യാറായിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയും ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപ്പാതയുമാണ് ഇത്. ഉയർന്ന നിരക്കിലാണ് ടോൾ. വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ നൂറുകണക്കിന് കുഴികളുണ്ട്. രണ്ട് മേൽപ്പാലങ്ങളിൽ ഏതുസമയത്തും പൊളിച്ചുപണിയാണ്. ഒരു കിലോമീറ്ററോളം ദൂരം റോഡ് പൊളിച്ചുപണിയുന്നു. സർവീസ് റോഡുകളുടെ നിർമാണവും പൂർത്തിയായിട്ടില്ല. ഇതൊക്കെയും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പാർലമെന്റിൽ ഉന്നയിക്കേണ്ടത് ഈ മേഖലയിലെ എംപിമാരായ രമ്യ ഹരിദാസും ടി എൻ പ്രതാപനുമാണ്.
പണി കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് കരാർ കമ്പനി ദേശീയപാത അതോറിറ്റിയിൽനിന്ന് ടോൾ പിരിക്കാനുള്ള അനുമതി നേടിയെടുത്തത്. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനുപിന്നിൽ. യഥാർഥ വസ്തുത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ എംപിമാർ തയ്യാറാകുന്നില്ല. പാതയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തണമെന്നാണ് ആവശ്യം.
വടക്കഞ്ചേരി മേൽപ്പാലത്തിലും കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിലും കുത്തിപ്പൊളി നടക്കുകയാണ്. വഴുക്കുംപാറയിൽ റോഡ് ഇടിഞ്ഞുതാഴ്‌ന്നതിനാൽ ഒരു കിലോമീറ്ററോളം പൂർണമായും പൊളിച്ചുപണിയുകയാണ്. 2005-ൽ ആരംഭിച്ച ദേശീയപാതയുടെ പണി അനന്തമായി നീണ്ടപ്പോൾ പിണറായി സർക്കാരിന്റെയും അന്നത്തെ എംപി പി കെ ബിജുവിന്റെയും നിരന്തര ഇടപെടലിനെത്തുടർന്നാണ് തുരങ്കം ഗതാഗത യോഗ്യമാക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടന്നത്.