വടക്കാഞ്ചേരി ആനക്കൊലക്ക് പിന്നിൽ ആറു പേർ; ഷോക്കേറ്റ ആനയുടെ താടിയെല്ലിൽ പരിക്ക്

news image
Jul 15, 2023, 8:06 am GMT+0000 payyolionline.in

തൃശൂർ: വടക്കാഞ്ചേരിയിൽ ആനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറു പേരെ തിരിച്ചറിഞ്ഞു. മുള്ളൂർക്കര വാഴക്കോട് മണിയഞ്ചിറ വീട്ടിൽ റോയിയും വാഴക്കോട്ടെ രണ്ട് സുഹൃത്തുക്കളും കുമളിയിൽ നിന്നുള്ള മൂന്നു പേരുമാണ് ആനയെ കുഴിച്ചിട്ടതെന്ന് ഫോറസ്റ്റ് വകുപ്പ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റോയിയുടെ പാലായിലെ ബന്ധുക്കൾ വഴി കുമളിയിൽ നിന്നാണ് മൂന്നു പേരെ വിളിച്ചു വരുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ആനയെ വേട്ടയാടി പരിചയമുള്ളത് കൊണ്ടാണ് കുമളി സ്വദേശികളെ എത്തിച്ചതെന്നാണ് കണ്ടെത്തൽ. അതേസമയം, ഗോവയിലുള്ള റോയിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റുള്ള നാലു പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതിനിടെ, റബർ തോട്ടത്തിൽ കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന് സ്ഥിരീകരിച്ചു. ഷോക്കേറ്റതിനെ തുടർന്ന് ആനയുടെ താടിയെല്ലിൽ പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ കൊലപ്പെടുത്തി കൊമ്പെടുത്ത് കുഴിച്ചുമൂടി കാട്ടാനയുടെ ജഡാവശിഷ്ടങ്ങൾ വനം വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെടുത്തിരുന്നു. അകമല വനത്തിന്റെ അടിവാരത്ത് വാഴക്കോട് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ നിന്നാണ് കാട്ടാനയുടെ ജഡം കണ്ടെടുത്തത്. ജഡം പുറത്തെടുത്തപ്പോൾ ഒരു കൊമ്പ് നഷ്ടപ്പെട്ട നിലയിലായിരുന്നു.

രണ്ടാഴ്ച മുമ്പ് കോടനാട്ടു നിന്ന് ആനക്കൊമ്പുമായി ഒരാളെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്. റബർ തോട്ടത്തിൽ കാട്ടുപന്നിയുൾപ്പെടെ വന്യമൃഗശല്യം തടയാൻ കെട്ടിയ കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ട് ഷോക്കേൽപിച്ചാണ് ആനയെ കൊന്നത്. റോയിയുടെ റബർ തോട്ടത്തിലാണ് കാട്ടാനയെ കുഴിച്ചുമൂടിയത്.

ജഡാവശിഷ്ടങ്ങളിൽ ഒരു കൊമ്പ്, തലയോട്ടി, എല്ലുകൾ എന്നിവ കണ്ടെടുത്തതിൽ ഉൾപ്പെടും. ജഡത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. ജഡം പെട്ടെന്ന് മണ്ണിലലിയാൻ കോഴിക്കാഷ്ടം ചാക്കുകണക്കിന് ഇട്ടാണ് പത്തടിയോളം താഴ്ചയിൽ കുഴിയെടുത്ത് മണ്ണിട്ട് മൂടിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു വനംവകുപ്പ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്.

പിടികൂടിയ കൊമ്പും ആനയുടെ ജഡത്തിൽനിന്ന് ലഭിച്ച കൊമ്പും ഒരാനയുടേതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ കാക്കനാട് ലാബിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എസ്. ജയശങ്കർ, മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഡി. ശ്രീദേവി, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. കെ.ജി. അശോകൻ എന്നിവരടങ്ങുന്ന വനപാലക സംഘം വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe