വധശ്രമം, ആക്രമണം, പൊലീസിന് തീരാ തലവേദന; ആലപ്പുഴയിൽ 4 യുവാക്കളെ കാപ്പചുമത്തി നാടുകടത്തി

news image
Jan 4, 2024, 7:04 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് യുവാക്കളെ കാപ്പാ  നിയമപ്രകാരം അറസ്റ്റ് ചെയ്ത് നാടുകടത്തി. വധശ്രമം, മർദ്ദനം, വീട് കയറി ആക്രമണം  തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരൂർ പഞ്ചായത്ത് 20-ാം വാർഡിൽ കാരക്ക പറമ്പ് വീട്ടിൽ ഷാനു (27), അരൂർ വലിയപറമ്പിൽ അഗസ്റ്റിൻ ജെറാൾഡ് (27) എന്നിവരെ ഒരു വർഷത്തേക്കാണ് നാട് കടത്തിയത്.

അരൂർ ഇരുപതാം വാർഡിൽ കല്ലറക്കൽ വീട്ടിൽ സെ്റ്റജോ കെ ജെ (27) എന്നയാളെ ഒമ്പത് മാസത്തേക്കും കായംകുളം ചേരാവള്ളി തോപ്പിൽ വീട്ടിൽ മുബീൻ (23) നെ ആറ് മാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ്  നാല് യുവാക്കളെ നാടുകടത്തിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞവർഷം ജില്ലയിൽ 14 പേരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. കൂടാതെ 82 പേർ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടും, 52 പേർ ബന്ധപ്പെട്ട ഡിവൈഎസ്‌പിമാർ മുമ്പാകെ ആഴ്ച തോറും ഹാജരാകുന്നതിനും ഉത്തരവായിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിലിരിക്കെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 34 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോടും ഒരു യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെയാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ(36)ആണ് ആറുമാസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന റോഷനെ ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇന്‍സ്പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe