സുല്‍ത്താന്‍ബത്തേരി: വനപാതയില്‍ വാഹനം നിര്‍ത്തരുതെന്ന നിര്‍ദേശം തെറ്റിച്ച് കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്തങ്ങ-ബന്ധിപ്പൂര്‍ വനപാതയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കാറില്‍നിന്നും ഇറങ്ങിയ രണ്ടുപേര്‍ ആനയുടെ അടുക്കലേക്കെത്തുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ആന പെട്ടെന്ന് തന്നെ ഇവര്‍ക്കടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ ഒരാള്‍ വീഴുകയായിരുന്നു. ഇയാളെ ചവിട്ടാന്‍ ആന ശ്രമിച്ചെങ്കിലും എഴുന്നേറ്റ് മാറിയതിനാലാണ് ജീവന് തിരിച്ചുകിട്ടിയത്.
ചിത്രമെടുക്കുന്നതിനായാണ് രണ്ട് പുരുഷന്മാര് ആനക്കടുത്തേക്കെത്തിയത്. കുട്ടിയടക്കം മൂന്ന് ആനകള്‍ നില്‍ക്കുമ്പോഴായിരുന്നു പ്രകോപനമുണ്ടാക്കാന്‍ ശ്രമം. വാഹനത്തിനുള്ളിലുണ്ടായ മറ്റൊരാള്‍ സംഭവത്തിനിടെ കാര്‍ മുന്നോട്ടെടുക്കുന്നുമുണ്ടായിരുന്നു.
അതേസമയം, എതിര്‍ദിശയിലൂടെ മറ്റൊരു ലോറി വന്നതോടെ ആനയുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. അപകടത്തില്‍ പെട്ടവരുടെ ജീവന് തിരിച്ചുകിട്ടിയതും ഇതിനാലായിരുന്നു. ഇന്നലെയാണ് സംഭവം ഉണ്ടായത്. സവാദ് എന്ന വ്യക്തി മറ്റൊരു വണ്ടിയിലിരുന്ന് മൊബൈലില്‍ ചിത്രികരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. വനത്തിനുള്ളിലെ സുരക്ഷ സംബന്ധിച്ച് അവബോധം നല്കാന് സവാദ് ഈ വീഡിയോ ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് അധികൃതരും സംഭവം അറിയുന്നത്.
വനം വകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ പ്രവര്‍ത്തിച്ച ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇവരുടെ വാഹന നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു