വയനാട്: വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കിടെ വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട് ജില്ലയിലെ കല്പറ്റയില് ഉപവാസവും മറ്റ് ജില്ലകളില്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കും. കേരളത്തില്‍ വന്യമൃഗ സംഘര്‍ഷം ഉണ്ടാക്കുന്നതിനിടെയില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതില്‍ പ്രതിഷേധിച്ചാണ് ഉപവാസം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുന്നതെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ഉപവാസ സമരം.
കേരളത്തില്‍ വനപാലകര്‍ക്കെതിരെയുള്ള ആസൂത്രിക അക്രമണമാണ് നടക്കുന്നത്. ഇടുക്കി മാങ്കുളത്തും പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലും ഇപ്പോള്‍ വയനാട്ടിലും വനപാലകര്‍ അക്രമിക്കപ്പെടുന്ന സ്ഥിതിയാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്ന് (20.1.2024) കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരാകുക എന്നും സംഘടന അറിയിച്ചു. കറുവ ദ്വീപിലെ വനംവകുപ്പ് താത്കാലിക ജീവനക്കാരന് പോള്‍, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങള്‍ നീതികരിക്കാനാവാത്തതാണെന്ന് ഭരവാഹികള്‍ പറഞ്ഞു.
വനസംരക്ഷണ വിഭാഗം ജീവനക്കാരെ ബന്ദിയാക്കി വാഹനത്തിന് മുകളില്‍ കടുവ കൊലപ്പെടുത്തിയ പശുവിന്റെ ജഡം കെട്ടിവച്ച് പ്രതിഷേധിച്ചത് പ്രാകൃതമായ രീതിയാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഷാജിയെയും ജീവനക്കാരെയും വനം വകുപ്പിന്റെ ജീപ്പില്‍ ബന്ദിയാക്കി ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തതില്‍ സംഘടന പ്രതിഷേധം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എ സേതുമാധവന്, ജനറല്‍ സെക്രട്ടറി ആര് ദിന്‍ഷ്. ഖജാന്‍ജി കെ ബീരാന് കുട്ടി, വൈസ് പ്രസിഡന്റ് പി വിനോദ്, സെക്രട്ടറി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.