ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു രാജേഷ് ദാസ്. നിലവില്‍ സസ്പെന്‍ഷനിലാണ് ഇയാൾ. 2021ലാണ് സംഭവം. കാറില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.
മാർച്ചിൽ ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ഏറ്റെടുത്തു. 400 പേജുകളുള്ള കുറ്റപത്രം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. സെൻട്രൽ സോണിലെ അന്നത്തെ ഇൻസ്‌പെക്ടർ ജനറൽ, തിരുച്ചി റേഞ്ചിലെ മുൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, ഓട്ടോമേഷൻ സൂപ്രണ്ട്, ആസ്ഥാനത്തെ മുൻ ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെയാണ് നടപടിയെടുക്കാനും ആവശ്യമുയർന്നിരുന്നു.