വനിതാ മെമ്പറുടെ വീട്ടിലേക്ക് പെരുമ്പാമ്പിനെ എറിഞ്ഞ് പ്രതികാരം; അന്വേഷണം

news image
Dec 29, 2023, 5:30 pm GMT+0000 payyolionline.in

പത്തനംതിട്ട: വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു ടി. ചാക്കോ ഇതുസംബന്ധിച്ച് ഇലവുംതിട്ട പൊലീസില്‍ ഇന്ന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പ്രദേശത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയെന്നും വനംവകുപ്പിനെ വിളിക്കണം എന്നും നാട്ടുകാരിൽ ചിലർ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ആരോ പെരുമ്പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീടിന് മുന്നില്‍ തന്നെ തള്ളുകയായിരുന്നു. പെരുമ്പാമ്പിനെ ചാക്കില്‍കെട്ടിയശേഷം മെമ്പറുടെ വീടിന്‍റെ വരാന്തയില്‍ വെയ്ക്കുകയായിരുന്നു.

 

മെമ്പറും പ്രായമായ മാതാവും ഉള്‍പ്പെടെയുള്ളവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നതെന്നും ആകെ ഭയപ്പെട്ടുപോയെന്നും പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്പറെ വിളിച്ചെങ്കിലും വനംവകുപ്പുകാര്‍ എത്താതതിനെതുടര്‍ന്നാണ് ഇത്തരമൊരു നീക്കമുണ്ടായെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താത്ത് മെമ്പറുടെ വീഴ്ചയാണെന്നാണ് ആരോപിച്ചാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് പൊലീസിന്‍റെ  പ്രാഥമിക നിഗമനം. പിന്നീട് മെമ്പറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു. ആളുകള്‍ വിവരം നല്‍കിയപ്പോള്‍ തന്നെ വനംവകുപ്പുകാരെ അറിയിച്ചിരുന്നുവെന്നും അവര്‍ വന്നുകൊണ്ടിരിക്കെയാണ് ഇതിനിടയില്‍ തന്‍റെ വീടിന് മുന്നില്‍ പെരുമ്പാമ്പിനെ തള്ളിയെന്നും മെമ്പര്‍ ബിന്ദു ടി ചാക്കോ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe