തിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ടൂറിസം വകുപ്പിന്‍റെ കേരള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍ടി മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകള്‍ക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങള്‍ക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും പുറമേ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആര്‍ടി ക്ലബ് തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.
കേരള ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷന്‍ സൊസൈറ്റിയുടെ രജിസ്റ്റര്‍ ചെയ്തതുമായ ഹോംസ്റ്റേകള്‍ക്കും എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസിന്‍ യൂണിറ്റുകള്‍ക്കും ഫ്രഷ് അപ് ഹോംസ് പദ്ധതിയില്‍ അപേക്ഷിക്കാം. ഗ്രാമീണ സന്ദര്‍ശന പാക്കേജുകള്‍ നടത്തിവരുന്ന വീടുകള്‍, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകള്‍ക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) ലഭിക്കും.
കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, മറവുന്തുരത്ത്, ചെമ്പ്, കൂടരഞ്ഞി, കടലുണ്ടി, തൃത്താല, പട്ടിത്തറ, പിണറായി, അഞ്ചരക്കണ്ടി, ചേകാടി, പെരുമ്പളം, വലിയപറമ്പ, അയ്മനം (മാഞ്ചിറ), മണ്‍റോ തുരുത്ത്, ആറന്‍മുള എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും കണ്ണൂര്‍ ചാല്‍ ബീച്ച്, മുഹമ്മ, തലയാഴം, വെച്ചൂര്‍, പുന്നയൂര്‍ക്കുളം, അഞ്ചുതെങ്ങ്, അമ്പൂരി, ബാലരാമപുരം, ആദികടലായി (കണ്ണൂര്‍), തണ്ണീര്‍മുക്കം, തിരുവില്വാമല, തിരുനെല്ലി എന്നീ പ്രദേശങ്ങളില്‍ ഒരെണ്ണം വീതവുമാണ് ഫ്രഷ് അപ് ഹോംസ് അനുവദിക്കുക.
സുവനീര്‍/കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, എത്നിക് ഫുഡ് റസ്റ്റോറന്‍റുകള്‍ എന്നിവ സ്ഥാപിക്കുന്നതുള്‍പ്പെടെ സംരംഭകത്വ വികസന വിഭാഗത്തില്‍ വനിതാ യൂണിറ്റുകള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒരു യൂണിറ്റിന് പരമാവധി 50,000 രൂപ വരെ ലഭിക്കും. സംസ്ഥാനത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വനിതാ ആര്‍ടി ക്ലബുകള്‍ക്കും വിവിധ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും.
പ്രാരംഭഘട്ടത്തില്‍ അഞ്ച് യൂണിറ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഓരോ ക്ലബ്ബും പ്രത്യേകമായി പദ്ധതിരേഖ സമര്‍പ്പിക്കണം. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സ്ത്രീ സംരംഭങ്ങള്‍ക്ക് ഒറ്റത്തവണ ധനസഹായം ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും പത്ത് യൂണിറ്റുകള്‍ക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. എല്ലാ പദ്ധതികള്‍ക്കും അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വൈകുന്നേരം 5 മണി. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം- 695033. ഫോണ്‍: 0471 2334749. അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക: https://www.keralatourism.org/responsible-tourism/