വനിത സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ; ‘തെരഞ്ഞെടുപ്പ് ഗിമ്മിക്ക്’ മാത്രമാണെന്ന് പ്രതിപക്ഷം

news image
Sep 21, 2023, 3:47 am GMT+0000 payyolionline.in


ന്യൂഡൽഹി
: ലോക്സഭ പാസാക്കിയ വനിത സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‍വാൾ ആണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് രാജ്യസഭയിൽ ബില്ലിൽ ചർച്ച നടക്കും. ചർച്ചക്ക് ശേഷം വോട്ടിനിട്ട് ബിൽ പാസാക്കും.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ലോക്സഭ പാസാക്കിയത്. രണ്ടിനെതിരെ 454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ‘നാരീ ശക്തീ വന്ദൻ’ എന്ന് പേരിട്ട 128-ാം ഭരണഘടന ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. സംവരണത്തിനുള്ളിൽ പിന്നാക്ക ന്യൂനപക്ഷ സംവരണമില്ലെന്ന കാരണത്താൽ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ എം.പിമാരായ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലും മാത്രമാണ് ബില്ലിനെ എതിർത്തു വോട്ടുചെയ്തത്.

വ്യവസ്ഥകളിലെ വിയോജിപ്പോടെ ബില്ലിനെ പിന്തുണക്കാൻ തീരുമാനിച്ച ഇൻഡ്യ മുന്നണി ഒന്നടങ്കം ഘടകകക്ഷികൾ നിർദേശിച്ച ഭേദഗതികൾ പിൻവലിച്ച് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. സംവരണം നടപ്പാക്കണമെങ്കിൽ പുതുതായി സെൻസസും അതിനെ ആധാരമാക്കി മണ്ഡല പുനർനിർണയവും നടത്തിയേ തീരൂ എന്ന വിവാദ വ്യവസ്ഥവെച്ചതോടെ മോദി സർക്കാറിന്റെ വനിത ബിൽ അടുത്ത കാലത്തൊന്നും നടപ്പാക്കാനാകാത്ത ‘തെരഞ്ഞെടുപ്പ് ഗിമ്മിക്ക്’ മാത്രമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

ലോക്സഭക്ക് പിന്നാലെ ഈ ബിൽ രാജ്യസഭ പാസാക്കിയാലും വനിത സംവരണം ഉടൻ നടപ്പാക്കാനാവില്ലെന്നാണ് ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‍വാൾ അറിയിച്ചത്. മോദി സർക്കാർ പ്രക്രിയക്ക് നല്ല ദിവസമായ ഗണേശ് ചതുർഥി ദിനത്തിൽ തുടക്കമിടുകയാണെന്നും അടുത്ത സർക്കാർ അധികാരത്തിലെത്തിയ ശേഷം സെൻസസും മണ്ഡല പുനർനിർണയവും നടത്തിയാണ് അത് പൂർത്തിയാക്കുകയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും വനിത സംവരണത്തിനായി 239എഎ, 330 എ, 332എ, 334 എ എന്നീ പുതിയ അനുഛേദങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർക്കുന്നതാണ് വനിത സംവരണ ബിൽ. എൻ.കെ. പ്രേമചന്ദ്രനും ഇ.ടി മുഹമ്മദ് ബഷീറും അടക്കമുള്ള ഇൻഡ്യ സഖ്യത്തിലെ എം.പിമാർ കൊണ്ടുവന്ന ഭേദഗതികൾ അവർ പിൻവലിച്ചുവെങ്കിലും സംവരണത്തിനുള്ളിൽ പിന്നാക്ക, ന്യൂനപക്ഷ സംവരണം അടക്കം ഉവൈസി നിർദേശിച്ച ഓരോ ഭേദഗതിയും വോട്ടിനിടുകയും രണ്ടിനെതിരെ 454 വോട്ട് ലോക്സഭ പരാജയപ്പെടുത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe