മലപ്പുറം: വിവാഹസംബന്ധമായ ചെലവുകൾ കേരളത്തിൽ അടുത്തകാലത്തായി വൻതോതിൽ കൂടിയതായി പഠനം. ഒരുവർഷം 22,810 കോടിരൂപ ഈയിനത്തിൽ ചെലവുവരുന്നുണ്ടെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ’കേരളപഠനം’ വ്യക്തമാക്കുന്നു. 2004 ൽ ഇത് 6787 കോടിരൂപയായിരുന്നു.
കുടുംബത്തെ കടത്തിലെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് വലിയ ചെലവുകൾ വിവാഹവും മുൻകൂട്ടിക്കാണാൻ കഴിയാത്ത ചികിത്സാച്ചെലവുമാണ്. ഇതിൽത്തന്നെ വിവാഹത്തിനാണ് ചെലവു കൂടുതൽ. സംസ്ഥാനത്തെ മൊത്തം കുടുംബവരുമാനത്തിന്റെ എട്ടുശതമാനത്തോളം വരുമിത്.
2004 വരെ താരതമ്യേന വിവാഹച്ചെലവ് കുറവുള്ള വിഭാഗമായിരുന്നു ആദിവാസികൾ. എന്നാൽ 2019 ലെ പഠനത്തിൽ ഇവർക്കിടയിൽ പത്തിരട്ടിയോളമാണ് വിവാഹച്ചെലവ് കൂടിയത്. തൊട്ടുപിന്നിൽ ഏഴിരട്ടിയിലേറെ വർധനയുമായി ക്രിസ്ത്യൻ മുന്നാക്കവിഭാഗമുണ്ട്. എസ്‌സി വിഭാഗത്തിൽ അഞ്ചിരട്ടിയോളമാണ് ചെലവുവർധന. സ്ത്രീധനം, ആഭരണം എന്നിവയ്ക്കാണ് കൂടുതൽ ചെലവഴിക്കേണ്ടിവരുന്നത്.
എന്നാൽ സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും ഈ കാലയളവിൽ വലിയ കുറവുണ്ടായതായി പഠനം കാണിക്കുന്നു. പക്ഷേ സ്വർണത്തിന്റെ വിലയിലുണ്ടായ ഭീമമായ വർധനകാരണം ഇതിനുവേണ്ടിവരുന്ന തുകയിൽ വലിയമാറ്റമില്ല. ക്രിസ്ത്യൻ മുന്നാക്കവിഭാഗവും ഹിന്ദുമുന്നാക്കവിഭാഗവുമാണ് വിവാഹച്ചെലവിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വിവിധ വിഷയങ്ങളിലായി 2019ൽ പരിഷത്ത് നടത്തിയ സർവേയിലെ കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ചത്.
സാമൂഹികവിഭാഗം, 2004 ലെ ചെലവ്, 2019 ലെ ചെലവ് എന്ന ക്രമത്തിൽ
- ക്രിസ്ത്യൻ പിന്നാക്കവിഭാഗം -1,49,253 – 5,17,500
- ക്രിസ്ത്യൻ മുന്നാക്ക വിഭാഗം -1,49,253 – 8,19,466
- ഹിന്ദു പിന്നാക്കവിഭാഗം – 1,29,020 – 5,08,693
- ഹിന്ദു മുന്നാക്കവിഭാഗം – 1,34,471 – 6,42,630
- മുസ്‌ലിം – 1,66,643 – 5,60,062
- എസ്‌സി വിഭാഗം – 74,342 -3,60,407
- എസ്ടി വിഭാഗം – 18,911 – 1,90,545