വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും, വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും; പ്രധാനമന്ത്രി 25-ന് കേരളത്തിൽ

news image
Apr 21, 2023, 12:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 11 ജില്ലകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ഏപ്രിൽ 25ന് രാവിലെ 10.30നാണ്  വന്ദേഭാരത് എക്‌സ്പ്രസ്   ഫ്ലാഗ് ഓഫ് ചെയ്യുക. തുടര്‍ന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 11 മണിയോടെ  നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. 3200 കോടി കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്നത്.

കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചി നഗരവുമായി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി വാട്ടർ മെട്രോയ്‌ക്ക് പുറമെ ദിണ്ടിഗൽ-പളനി-പാലക്കാട് പാതയിലെ റെയിൽ വൈദ്യുതീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. അക്കാദമിയയുമായി സഹകരിച്ച് വ്യവസായ, ബിസിനസ് യൂണിറ്റുകൾ ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് ഡിജിറ്റൽ സയൻസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ  തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി, റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമാണ പദ്ധതികളുടെ ഉദ്ഘാടനം, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ വികസന പദ്ധതി ഉദ്ഘാടനം തുടങ്ങിയവയും പ്രധാനമന്ത്രി നിര്‍വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe