മാനന്തവാടി> സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 85 പേര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 909 പേരാണ് കൊല്ലപ്പെട്ടത്.
വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2016-17 മുതല്‍ 2021-22 വരെ കാലഘട്ടത്തില്‍ വിവിധ വന്യജീവികളുടെ ആക്രമണത്തില്‍ 637 പേരാണ് മരണപ്പട്ടിട്ടുള്ളത്. ഇതില്‍ 476 പേര്‍ പാമ്പുകടിയേറ്റാണ് മരണപ്പെട്ടത്. കാട്ടാന ആക്രമണത്തില്‍ 115 പേരും കാട്ടുപന്നി ആക്രമണത്തില്‍ 30 ഉം, കാട്ടുപോത്ത് ആക്രമണത്തില്‍ ആറും കടുവ ആക്രമണത്തില്‍ അഞ്ചു പേരും മറ്റ് ജീവികളുടെ ആക്രമണത്തില്‍ അഞ്ച് പേരും ആണ് ഈ കാലയളവില്‍ മരണപ്പെട്ടിട്ടുള്ളത്.
തൃശൂര്‍, വയനാട്, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു വന്യജീവി ആക്രമണം രൂക്ഷം. പാമ്പുകടിയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലാണ്- 10 വര്‍ഷത്തിനിടെ 192 മരണം. കണ്ണൂരില്‍ 85 പേരും മലപ്പുറത്ത് 79 പേരും ആലപ്പുഴയില്‍ 51 പേരും പാമ്പുകടിയേറ്റു മരിച്ചു.
മാനന്തവാടിയില്‍ ശനിയാഴ്ച രാവിലെ ചാലിഗദ്ദ പനച്ചിയില്‍ അനീഷിനെ ചവിട്ടി കൊന്ന ആനയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ ആനയെ ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിടുകയായിരുന്നു. ആനയെ മയക്ക് വെടി വെക്കാന്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
രാവിലെ ഏഴോടെയായിരുന്നു മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു.
ശനിയാഴ്ച തന്നെ വയനാട്ടില്‍ തോല്‍പ്പെട്ടിയിലും വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്ന. താത്കാലിക വനം വാച്ചര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വെങ്കിട്ട ദാസിനെ കടുവ ആക്രമിച്ചു. ഇദ്ദേഹം ചികിത്സയിലാണ്.