കോഴിക്കോട്: പ്രദേശവാസികളുടെ പരാതി ശരിവെക്കുന്ന വെളിപ്പെടുത്തലുമായി വന്യജീവി ആക്രമണ നിയന്ത്രണ സമിതി യോഗം. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേർന്ന ജില്ലതല നിയന്ത്രണ സമിതി യോഗത്തിലാണ് വന്യജീവി ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ ഡി.എഫ്.ഒ യു. ആഷിക് അലി അവതരിപ്പിച്ചത്. ഇതോടെ കാട്ടുമൃഗശല്യംമൂലം ജനങ്ങൾക്ക് നാട്ടിലെ വാസം ദുരിതമാണെന്ന് തെളിയിക്കുന്നതായി കണക്കുകൾ.
മനുഷ്യജീവന് ഭീഷണി വർധിക്കുകയും കൃഷിയും ആവാസ വ്യവസ്ഥിതിയും അപകടത്തിലാണെന്നും ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നതോടെയാണ് യോഗം ചേര്‍ന്നത്. നാലു വർഷത്തിനിടെ 549 കാട്ടുപന്നി ആക്രമണമാണ് ജില്ലയിലുണ്ടായത്. 529 കാട്ടാന ആക്രമണത്തിന് പുറമെ പുലി, കടുവ, കാട്ടുപോത്ത് ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ഡി.എഫ്.ഒ യു. ആഷിക് അലി അറിയിച്ചു. പാമ്പുകടിയേറ്റാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിച്ചത്. ഈ വര്‍ഷം പാമ്പുകടിയേറ്റും തേനീച്ച കുത്തിയും ഓരോ മരണം ഉണ്ടായി. അഞ്ചു വര്‍ഷത്തിനിടയില്‍ 233.47 ലക്ഷം രൂപ വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരമായി നൽകിയെന്നത് അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഹോട്ട് സ്പോട്ടുകളാണ് വനംവകുപ്പ് കണ്ടെത്തിയത്.
കാട്ടുപന്നി ആക്രമണം ഏറെയും മലയോര മേഖലകളിലാണ്. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമികള്‍ വെട്ടിത്തെളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി തദ്ദേശ സ്വയംഭരണം, റവന്യു, ഇറിഗേഷന്‍, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് വനം വകുപ്പ് വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മിഷന് സര്‍പ്പ, വൈല്‍ഡ് പിഗ്, സോളാര്‍ ഫെന്‍സിങ് എന്നിങ്ങനെ പത്ത് മിഷനുകള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓപറേഷന് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായും ഡി.എഫ്.ഒ അറിയിച്ചു. യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്, ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും പങ്കെടുത്തു.
പ്രതിഷേധം ഭയന്ന് യോഗസ്ഥലം മാറ്റി
കോഴിക്കോട്: വന്യജീവി ആക്രമണത്തിന് ഇരയായവരുടെ നേതൃത്വത്തിൽ യോഗസ്ഥലത്തേക്ക് പ്രതിഷേധമുണ്ടാകുമെന്ന സൂചനയെത്തുടർന്ന് യോഗസ്ഥലം മാറ്റി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേരാനിരുന്ന ജില്ലതല നിയന്ത്രണ സമിതി യോഗമാണ് അവസാന നിമിഷം ഗെസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
12 മണിക്കായിരുന്നു യോഗം നിശ്ചയിച്ചത്. എന്നാൽ, സ്ഥലംമാറ്റത്തെത്തുടർന്ന് ഒരുമണിക്കു ശേഷമാണ് യോഗം ആരംഭിച്ചത്. യോഗം നടക്കുന്ന വിവരം അറിഞ്ഞതിനാൽ മലയോര നിവാസികൾ എത്തുമെന്ന സൂചനയുണ്ടായിരുന്നതായി പൊലീസും പറഞ്ഞു.