കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്.
ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്തത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ നൽകിയിരുന്നത്. സുനിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.