വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു

news image
Nov 13, 2024, 12:03 pm GMT+0000 payyolionline.in

ചേലക്കര/വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ചേലക്കരയിൽ വൈകിട്ട് 4വരെ വരെ 62.76  ശതമാനം പോളിങ് രേഖപ്പെടുത്തി. വയനാട്ടിൽ 57.29 ആണ് ഒടുവിൽ പുറത്തുവന്നിട്ടുള്ള പോളിങ് ശതമാനം. രണ്ട് മണ്ഡലത്തിലും വോട്ടിങ് സമാധാനപരമായി തുടരുന്നു. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്.

ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 14,71,742 വോട്ടർമാരും 1354 പോളിങ് സ്റ്റേഷനുകളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരിക്കും യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ വോട്ടില്ല.

വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലാണ് തുടങ്ങിയത്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം എത്തി. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ചേലക്കര ഉച്ചയ്ക്ക് ഒരുമണിവരെ 41.87 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേലക്കര നിയമസഭാ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പാണ് നടന്നത്.  മിക്ക പോളിങ് ബൂത്തുകളിലും രാവിലെ തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25 ആം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല.

ആലത്തൂർ എംപിയും അഞ്ച് വട്ടം ചേലക്കര എം എൽ എയുമായിരുന്ന കെ രാധാകൃഷ്ണൻ തോന്നൂർക്കര എ യു പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ പാമ്പാടി ഗവ. ഹൈസ്കൂളിൽ വോട്ടു ചെയ്തു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം വയനാട്ടിൽ വോട്ടിങ് ശതമാനം ഉയർത്തുമെന്ന അവകാശവാദം ഉണ്ടായിരുന്നു. വയനാട്ടിൽ 14,71,742 വോട്ടർമാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe