വയനാട്ടിലേക്ക് 10 ലക്ഷം രൂപയുടെ ഫർണീച്ചറുമായി പോയ സ്നേഹ വണ്ടിക്ക് എന്ത് സംഭവിച്ചു? യൂത്ത് കോൺഗ്രസ് വിശദീകരണം ഇങ്ങനെ

news image
Mar 9, 2026, 12:22 pm GMT+0000 payyolionline.in

കൊച്ചി: മുണ്ടക്കൈ-ചൂരൽമല സ്വദേശികളുടെ പുനരധിവാസത്തിനായി വയനാട്ടിൽ യൂത്ത് കോൺഗ്രസ് പണിയുന്ന 50 വീട്ടിലേക്ക് ഫർണിച്ചർ കൊടുക്കാൻ ബിരിയാണി ചലഞ്ച് നടത്തി 10 ലക്ഷം രൂപ പിരിച്ചു. പിരിച്ച 10 ലക്ഷം രൂപയ്ക്ക് ഫർണിച്ചറുമായി കോതമംഗലത്ത് നിന്ന് ഒരു വണ്ടി വയനാട്ടേക്ക് പോയി. ഒന്നര വർഷമായിട്ടും ആ വണ്ടി വയനാട്ടിൽ എത്തിചേർന്നിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു പ്രചാരണം നടക്കുകയാണ്. സ്നേഹ വണ്ടി എവിടെയാണ് അപ്രത്യക്ഷമായതെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

എന്നാൽ, സ്നേഹ വണ്ടി ഇടയ്ക്ക് വച്ച് അപ്രത്യക്ഷമായിട്ടില്ലെന്നും കൃത്യമായി അർഹതപ്പെട്ടവരിലേക്ക് എത്തിയെന്നുമാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ അവകാശവാദം. അഞ്ച് മണ്ഡലം കമ്മിറ്റികൾ 20,000 രൂപ വീതം ബിരിയാണി ചലഞ്ച് നടത്തി സ്വരൂപിച്ച ശേഷം ഒരു ലക്ഷത്തോളം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയതായി യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് എൽദോസ് എൻ ഡാനിയൽ പറഞ്ഞു. ഒന്നര മാസത്തോളം എടുത്താണ് ഫർണീച്ചറുകൾ സമാഹരിച്ചത്. ഫർണീച്ചർ ഷോപ്പുകളുടെ ഈറ്റില്ലമായ നെല്ലിക്കുഴിയിലെ വിവിധ കടകളുടെ ഉടമകളുമായി ചേർന്നാണ് ഫർണീച്ചറുകൾ സമാഹരിച്ചത്.

ഇത് നെല്ലിക്കുഴിയിലെ ഗോഡൗണിൽ സൂക്ഷിക്കുകയും ചെയ്തു. എല്ലാം സുതാര്യമായിരുന്നു. രണ്ട് മാസത്തിന് ശേഷം മേപ്പാടിയിലെ ടോറസ് അറേഞ്ച് ചെയ്ത് മേപ്പാടി യൂത്ത് കോൺഗ്രസ് ക്യാംപിലേക്ക് അയയ്ക്കുകയും ചെയ്തു. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50ൽ അധികം ഗുണഭോക്താക്കൾക്കായി വീതിച്ച് നൽകിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. പുതിയ വീടുകളിലേക്കല്ല ഫർണീച്ചറുകൾ എത്തിയതെന്നും ആ സമയം വാടക വീടുകളിലേക്ക് മാറിയവർക്കാണ് ഫർണീച്ചർ കൈമാറിയതെന്നും നെല്ലിക്കുഴി മണ്ഡലം മുൻ പ്രസിഡൻറും 16-ാം വാർ‌ഡ് മെമ്പറുമായ അജീബ് ഇരമല്ലൂർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe