വയനാട്ടില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

news image
Sep 15, 2022, 3:02 am GMT+0000 payyolionline.in

കല്‍പ്പറ്റ: അതിര്‍ത്തി കടന്നെത്തുന്ന ലഹരിസംഘങ്ങളെ പൂട്ടാന്‍ പോലീസും എക്‌സൈസും പതിനെട്ട് അടവും പയറ്റിയിട്ടും എം.ഡി.എം.എ അടക്കമുള്ള മാരക ലഹരികള്‍ വയനാട് വഴി മലബാറിലേക്ക് എത്തുന്നത് തുടരുന്നു. കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ 0.9 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതാണ് അവസാനത്തെ സംഭവം. ബുധനാഴ്ച കാട്ടിക്കുളം ഭാഗത്ത് നിന്നും തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍ സംശയം തോന്നി തിരുനെല്ലി പോലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.

 

കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന പരിശോധനയില്‍ കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം (ഇന്‍ഹെയ്‌ലര്‍ അപ്പാര്‍ട്ടസ്) അടക്കമാണ് സംഘം പിടിയിലായത്.  സംഘത്തില്‍ നിന്നും പിടികൂടി. തിരുനെല്ലി എസ്.ഐ എ.പി. അനില്‍കുമാര്‍, പ്രബേഷണറി എസ്.ഐമാരായ സനീത്, സുധി സത്യപാല്‍, സി.പി.ഒമാരായ അഭിലാഷ്, മിഥുന്‍, അഭിജിത്ത്, ബിജു രാജന്‍, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അതേ സമയം  വയനാട് തോൽപ്പെട്ടിയിൽ 27 ലിറ്റർ അസം നിർമ്മിത മദ്യം പിടികൂടി. മാനന്തവാടി പൊലീസ്  നടത്തിയ വാഹന പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി ബസ്സിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച  36 കുപ്പി മദ്യം പിടികൂടിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

രാത്രികാല അന്തർസംസ്ഥാന ബസുകളിൽ മദ്യം, മയക്കുമരുന്ന് എന്നിവ വൻതോതിൽ കേരളത്തിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe