വയനാട്ടിൽ കല്ലോടി സെന്റ് ജോർജ്ജ് പള്ളിക്ക് സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി

news image
Feb 23, 2024, 10:27 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് നൽകിയത്. രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകി. വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന്  പള്ളി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിയ്ക്ക് നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

 

വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഇങ്ങനെ പള്ളി കൈവശം വച്ചിരിക്കുന്ന  ഭൂമി ഒരു മാസത്തിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക് വിതരണം ചെയ്യണം.

 

പള്ളി കമ്മിറ്റി ഭൂമി വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക്  സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അടുത്ത എട്ട് മാസത്തിനുള്ളിൽ ഈ ഉത്തരവിൽ കൈക്കൊണ്ട നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe