വയനാട് ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകൾ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സർക്കാർ കൈമാറിയ 178 വീടുകളിൽ നിർമ്മാണം മുഴുവൻ പൂർത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകൾ നൽകുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവൻ കൈമാറാൻ കഴിയുമെന്ന് ഊരാളുങ്കൽ വ്യക്തമാക്കി. (Wayanad Township)
വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളിൽ 26 വീടുകൾ ദുരന്തബാധിതർക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അന്തിമ ഗുണനിലവാര പരിശോധനകൾക്കായി ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ, നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിന് കൈമാറിയിട്ടുണ്ട്.
ആദ്യഘട്ടത്തിലെ 178 വീടുകളിൽ 56 വീടുകളുടേതാണ് രണ്ടാംഘട്ട ഗുണനിലവാര പരിശോധനയും പൂർത്തിയായത്. ഇതിൽ നിന്നുമാണ് അന്തിമ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം 26 വീടുകൾ കഴിഞ്ഞ ദിവസം കൈമാറിയത്. ക്ലസ്റ്ററുകൾ തിരിച്ച് വീടുകൾ കൈമാറും എന്നായിരുന്നു ഊരാളുങ്കൽ അധികൃതർ പറഞ്ഞിരുന്നത്.
മഴക്കാലം ആരംഭിക്കും മുൻപ് ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും ഗുണഭോക്താക്കൾക്ക് നൽകാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം, വീടുകളിൽ ഇപ്പോൾ താമസം തുടങ്ങുന്നില്ല എന്നും ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും ഗുണഭോക്താക്കൾക്ക് ലഭിച്ച ശേഷമേ താമസം തുടങ്ങുന്നുള്ളൂ എന്നും ദുരന്തബാധിതർ വ്യക്തമാക്കി.
