വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും- വി.ഡി സതീശൻ

news image
Nov 15, 2024, 10:26 am GMT+0000 payyolionline.in

പാലക്കാട്: വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്.

ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തും.

ദേശീയ- സംസ്ഥാന തലങ്ങളില്‍ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണ്. എസ്.ഡി.ആര്‍.എഫ് നല്‍കിയെന്നത് തെറ്റാണ്. എസ്.ഡി.ആര്‍.എഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അര്‍ഹതയുണ്ട്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ്.ഡി.ആര്‍.എഫ് അല്ല, സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സാണ്.

ഉത്തരാഖണ്ഡും അസാംമും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തില്‍ കുറച്ച് പണം നല്‍കിയിട്ടുള്ളതുമാണ്. വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹതയുള്ള പണം നല്‍കാതിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തിനിറമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. വയാനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇതേക്കുറിച്ച് ഒന്നും പറയാതെ പോളിങ് കഴിഞ്ഞ ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നു എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും സംസ്ഥാനത്തെ ദുര്‍ഭരണത്തിനും എതിരായ യു.ഡി.എഫിന്റെ പോരാട്ടവും, യു.ഡി.എഫിന് ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശവും പറയാനുള്ള അവസരമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും പ്രചരണവിഷയമാകും. കേരളം കൃത്യമായ കണക്ക് നല്‍കിയില്ലെന്നു പറയേണ്ടത് കെ. സുരേന്ദ്രനല്ല. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്. കൃത്യമായ കണക്കില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ പറയട്ടെ.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തും കേന്ദ്ര സംഘം ഉണ്ടെന്നാണ് പറഞ്ഞത്. ആ സംഘം പരിശോധിച്ച് പണം തന്നാലും മതി. അല്ലാതെ ബി.ജെ.പിയോട് ആരും പണം ചോദിച്ചിട്ടില്ല. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യാന്‍ യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ല. സി.പി.എം എപ്പോഴാണ് ബി.ജെ.പിയുമായി കോംപ്രമൈസ് ആകുന്നതെന്ന് പറയാനാകില്ല. കേന്ദ്രത്തിന് എതിരായ ഒരു സമരത്തിനും എല്‍.ഡി.എഫിനെയോ സി.പി.എമ്മിനെയോ കൂട്ടു പിടിക്കില്ലെന്ന് യു.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe