മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയാണ് 36 പേരെ തിരിച്ചറിഞ്ഞതായി ഉത്തരവിറക്കിയത്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡിഎൻഎ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങൾ/ശരീര ഭാഗങ്ങൾ സംസ്‌കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കു സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്‌കരിച്ചത്. ഡിഎൻഎ ഫലം വഴി കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.