തിരുവന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടർ നടപടികൾ പ്രാദേശിക സമിതിയും സംസ്ഥാനതല സമിതിയുമാണ് നടപ്പിലാക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും.
കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുക എന്നിവയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ക്കും അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക സമിതി. തുടര്‍ന്ന് ഈ പട്ടിക ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇവരാണ് വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറുക.