വയനാട്: സി.പി.എമ്മിന്റെത് ആടിനെ പട്ടിയാക്കുന്ന നിലപാട് -വി. മുരളീധരൻ

news image
Nov 15, 2024, 10:58 am GMT+0000 payyolionline.in

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സി.പി.എം പ്രചാരണം ആടിനെ പട്ടിയാക്കുന്ന നിലപാടെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ല.

യു.പി.എ ഭരണകാലത്ത് അന്നത്തെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ലോകസഭയിൽ അറിയിച്ച നിലപാടാണിത്. അന്ന് മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാലും കെ.വി. തോമസുമെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അക്കാര്യം മറച്ചുവയ്ക്കുകയാണ്. കെ.വി. തോമസ് പാർട്ടിയല്ലേ മാറിയിട്ടുള്ളൂ. തലച്ചോറ് മാറിയിട്ടില്ലല്ലോ എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതിരൂപരേഖ സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല. ബിഹാർ പ്രത്യേക പദ്ധതികള്‍ സമർപ്പിച്ചപ്പോള്‍ അവയ്ക്ക് ഫണ്ട് അനുവദിച്ചു.

ഗുജറാത്തിന് നല്‍കിയത് ദുരന്തനിവാരണനിധിയിലെ വിഹിതമാണ്. ഇത് കേരളത്തിനും നല്‍കി. കഞ്ചിക്കോടും മുതലപ്പൊഴിയിലുമെല്ലാം കേന്ദ്രസഹായം മാനദണ്ഡം പാലിച്ച് എത്തുന്നത് നമ്മൾ കണ്ടതാണ്. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനാണ് പലരും ശ്രമിക്കുന്നത് ബി.ജെ.പിയെ ആ കൂട്ടത്തിൽ പെടുത്തരുത്. കേരളം കേന്ദ്രത്തിന്‍റെ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വസ്തുതകൾ മനസിലാക്കി വാർത്ത നൽകണമെന്നും വി. മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe