വയനാട്: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയിക്കുന്നതായി സഹോദരിയുടെ പരാതി. വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ തലപ്പുഴ പൊലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് മണ്ണ് നീക്കി പരിശോധിച്ചു.
2005 ഏപ്രിലിലാണ് വരയാൽ സ്വദേശി കുറ്റിലക്കാട്ടിൽ ഷൈനിയെ കാണാതായത്. അമ്മയോടൊപ്പം തറവാട്ട് വീട്ടിലായിരുന്നു ഷൈനി താമസിച്ചിരുന്നത്. പരാതിക്കാരിയായ സഹോദരി ബീന ഈ സമയം വിദേശത്തായിരുന്നു. നാട്ടിൽ ലീവിന് വന്നപ്പോൾ ഷൈനിയെ തെരക്കി. വിദേശത്ത് പോയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അവധി കഴിഞ്ഞ മടങ്ങിയ ബീന, തിരികെ എത്തിയത് നാട്ടിൽ സ്ഥിരതാമസമാക്കാൻ വേണ്ടിയായിരുന്നു. അപ്പോഴും ഷൈനിയെ തെരക്കി. അമ്മയുടെ സംസാരത്തിൽ ദുരൂഹത നിഴലിച്ചു. ഇതോടെ സഹോദരൻ നിധീഷിനെതിരെ ബീന പരാതി നല്‍കി.
എന്നാല്‍, ബീനയുമായി സ്വത്തുതർക്കമുണ്ടെന്നും ആ വൈരാഗ്യത്തിലാണ് കെട്ടിച്ചമച്ച പരാതി എന്നുമാണ് നിധീഷിൻ്റെ വിശദീകരണം. 18 വർഷം മുമ്പ് കാണാതായിട്ട് ഇപ്പോൾ പരാതി കൊടുക്കുന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും നിധീഷ് വ്യക്തമാക്കി. ബീനയുടെ പരാതിയിൽ തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് തറവാട്ട് വീടിനോട് ചേർന്നുള്ള ഭാഗം കുഴിച്ച് പരിശോധിച്ചത്. സംശയാസ്പദമായി ഒന്നും കിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചു.