‘വയറിൽ കത്രിക’; ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടി സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് പരാതിക്കാരി

news image
Oct 19, 2023, 7:46 am GMT+0000 payyolionline.in

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി ഹർഷിന. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ മടക്കിയിരുന്നു. അത്യാവശ്യമായ മൊഴികളുടെയും വിവരങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടിയാണ് മെഡി. കോളേജ് അസി. കമ്മീഷണറുടെ അപേക്ഷ മടക്കിയത്.

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹ‍ർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടറും, രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് അയച്ച  അപേക്ഷയാണ് വ്യക്തതക്കുറവിന്‍റെ പേരിൽ മടക്കിയത്. പ്രോസിക്യൂഷൻ അനുമതി തേടി ഒരുമാസത്തിന് ശേഷമാണ് കമ്മീഷണർ തിരുത്തലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ചില തിയതികളിൽ ആശയ വ്യക്തത വേണണെന്നും സ്കാനിംഗ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയ  ഡോക്ടറുടെ മൊഴി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസി. കമ്മീഷണറുടെ റിപ്പോർട്ട് തിരിച്ചയച്ചത്. പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായതിനാൽ മനപ്പൂർവ്വം നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന് ഹർഷിന ആരോപിക്കുന്നു.

എന്നാൽ സ്വാഭാവിക തിരുത്തൽ മാത്രമേ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും  രണ്ട് ദിവസത്തിനകം തന്നെ തിരുത്തൽ വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മെഡി. കോളേജ് അസി. കമ്മീഷണർ അറിയിച്ചു.  നീതി തേടി നേരത്തെ ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നതിന്‍റെ ഒടുവിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ആരോഗ്യപ്രവർത്തകരെ കുറ്റക്കാരനെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe