കോഴിക്കോട് ∙ വയറ്റിൽ കത്രിക കുടുങ്ങിയതു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ പ്രതിഷേധിച്ച കെ.കെ.ഹർഷിനയെയും സമര സമിതി ഭാരവാഹികളെയും പൊലീസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തു. ഹർഷിനയുടെ ഭർത്താവ് എം.കെ.അഷ്റഫിനെ പൊലീസ് പിടിച്ചു തള്ളിയതും പ്രതിഷേധത്തിനിടയാക്കി. ആരോഗ്യമന്ത്രിയിൽ വിശ്വാസമില്ലെന്നും, നീതി ലഭിക്കാതെ സമരം നിർത്തില്ലെന്നും ഹർഷിന പറഞ്ഞു. ഈ മാസം 16നു സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തും.
പൊലീസിന്റെ റിപ്പോർട്ട് തള്ളിയതിൽ പ്രതിഷേധിച്ചാണ് ഹർഷിനയും സമരസമിതി ഭാരവാഹികളും ഇന്നലെ ഉച്ചയോടെ ജില്ലാ മെഡിക്കൽ ഓഫിസിലെത്തിയത്. മെഡിക്കൽ ബോർഡ് ചെയർമാനായ ഡിഎംഒ ഡോ. കെ.കെ.രാജാറാം തിരുവനന്തപുരത്തു യോഗത്തിനു പോയതാണെന്നു സീനിയർ സൂപ്രണ്ട് അറിയിച്ചപ്പോൾ, റിപ്പോർട്ട് തള്ളാനുണ്ടായ കാരണം ഡിഎംഒയെ ഫോണിൽ വിളിച്ചു ചോദിക്കണമെന്നു സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു.