വയലും മലയും പശ്ചാത്തലം, നീന്തൽക്കുളം മുതൽ ഓപ്പൺ ജിം വരെ; കോട്ടൂരിലെ ഹാപ്പിനസ് പാര്‍ക്ക് ശ്രദ്ധേയമാകുന്നു

news image
Oct 8, 2025, 11:43 am GMT+0000 payyolionline.in

കോഴിക്കോട്: കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം, ഓപ്പണ്‍ ജിം, സെല്‍ഫി കോര്‍ണര്‍, സ്റ്റേജ്, ശുചിമുറികള്‍, യോഗ പരിശീലനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ‘പാര്‍ക്ക്’ ഒരുക്കിയത്. മനോഹരമായ ചുറ്റുമതില്‍, പ്രവേശന കവാടം, ലൈറ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

85 ലക്ഷം രൂപയാണ് പാര്‍ക്കിന്റെ നിര്‍മാണത്തിനായി വിനിയോഗിച്ചത്. എംഎല്‍എ ഫണ്ട്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഫണ്ട്, ധനകാര്യ കമീഷന്‍ ഗ്രാന്റ്, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷന്‍, വനിത വികസന വകുപ്പ് ഫണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. വയല്‍ പ്രദേശത്താണ് പുതിയ കുളം നിര്‍മിച്ചത്. വയലും മലയും പശ്ചാത്തലമൊരുക്കുന്ന പാര്‍ക്കില്‍ പ്രഭാതങ്ങളും സായാഹ്നങ്ങളും സന്തോഷകരമായി ചിലവഴിക്കാം.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് കോട്ടൂര്‍ പഞ്ചായത്തിലും പാര്‍ക്ക് ഒരുക്കിയത്. മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ‘കോടിയേരി ബാലകൃഷ്ണന്റെ പേരാണ് പാര്‍ക്കിന് നല്‍കിയിരിക്കുന്നത്. പാര്‍ക്ക് കേന്ദ്രീകരിച്ച് മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷവും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. തനത് കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുന്ന പരിപാടികള്‍ക്കും ഭക്ഷ്യമേളക്കും പാര്‍ക്ക് ഉപയോഗപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe