കോഴിക്കോട്: ഉടുതുണിയും ഭക്ഷണവുമില്ലാതെ വയോധികയെ മൂന്നു മക്കൾ ചേർന്ന് വീട്ടിൽ ഉപേക്ഷിച്ച സാഹചര്യത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അധികൃതർക്ക് നിർദേശം നൽകി.
താമരശ്ശേരി ഡിവൈ.എസ്.പിക്കും വിമൺ ആൻഡ് ചൈൽഡ് ജില്ല ഓഫിസർക്കുമാണ് കമീഷൻ നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 25ന് കോഴിക്കോട് പൊതുമരാമത്ത് െഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
താമരശ്ശേരി ഇരിങ്ങപ്പുഴ പൊറ്റയിൽകുന്ന് ഉന്നതിയിൽ താമസിക്കുന്ന ഖദീജയെ അഭയകേന്ദ്രത്തിലാക്കണമെന്നും എന്നാൽ, മാതാവിനെ അഭയകേന്ദ്രത്തിലാക്കാൻ മക്കൾ സമ്മതിക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
