മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ നഗരപ്രദേശത്ത് വസിക്കുന്ന 65 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് അവരവരുടെ സ്ഥലങ്ങളില്‍ തന്നെ ആരോഗ്യപരിരക്ഷയും മാനസിക ഉല്ലാസവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന് ആഭിമുഖ്യത്തില്‍ വയോമിത്രം പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാന പരിധിയില്ലാതെ സൗജന്യമായി ജീവിതശൈലീ രോഗ നിയന്ത്രണ മരുന്നുകള്‍, പാലിയേറ്റീവ് സേവനം, ഹെല്‍പ്പ് ഡെസ്ക് സേവനം, കൗണ്‍സലിംഗ് സേവനം, വാതില്‍പ്പടി സേവനം എന്നിവ നല്‍കുന്നതാണ് പദ്ധതി.
പുനരധിവാസം, കിടപ്പിലായ വയോജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവയ്ക്കായി വയോമിത്രം ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെടുന്ന വയോജനങ്ങള്‍ക്ക്
ബന്ധപ്പെട്ട വയോമിത്രം യൂണിറ്റ് നേരിട്ടുള്ള സേവനം ഉറപ്പാക്കുന്നു. അങ്ങനെ സാധിക്കാത്തവ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്ത് ആവശ്യമായ സേവനം നല്കി വരുന്നു. കൂടാതെ വയോമിത്രം ഗുണഭോക്താക്കളില്‍ തന്നെ ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് ഡോക്ടര്‍മാരുമായി ചേര്‍ന്ന് കോര്‍ഡിനേറ്റര്‍മാര്‍ നല്കി വരുന്നുണ്ട്.
സംസ്ഥാനത്തെ 91 നഗരസഭ പ്രദേശത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളിലും വളരെ വിജയകരമായി വയോമിത്രം നടപ്പാക്കി വരുന്നുണ്ട്. കൂടാതെ, വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി പരിപാടികള്‍, വിനോദയാത്രകള്‍, വിവിധ ദിനാചരണങ്ങള്‍, സ്പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗരപ്രദേശങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായി വളര്‍ത്താനുളള ശ്രമങ്ങളാണ് സാമൂഹ്യസുരക്ഷാ മിഷന് നടത്തി വരുന്നത്. വയോജനക്ഷേമ രംഗത്ത് വയോമിത്രം പദ്ധതി ഉള്‍പ്പെടെയുളള പദ്ധതികളുടെ മികവ് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്ക്കാരം 2017, 2021 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ടീം കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാരായ മുതിര്‍ന്ന പൗരന്മാര്ക്കും വീടുകളിലെത്തി ചികിത്സ, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളും നല്കി വരുന്നതാണ് വയോമിത്രം പദ്ധതിയിലെ വാതില്‍പ്പടി സേവനം. ഡിമന്‍ഷ്യ/അല്‍ഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് നടത്തുന്നതിന് ഓര്‍മ്മത്തോണി എന്ന പുതിയ പദ്ധതിയും സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്നുണ്ട്. വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വയോജനങ്ങളിലെ ഡിമന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും പരിചരണം നല്കുന്നതിനുമാണ് ഓര്‍മ്മത്തോണി പദ്ധതി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.